ഒരു ഇടവേളക്ക് ശേഷം ബോളിവുഡ് നടൻ ഹൃതിക് റോഷൻ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 'സൂപ്പർ 30'. വികാസ് ബാല്‍ സംവിധാനം ചെയ്ത ചിത്രം ഗണിതശാസ്ത്രജ്ഞനായ ആനന്ത് കുമാറിന്‍റെ കഥയാണ് പറയുന്നത്. എന്നാല്‍ ചിത്രം തിയേറ്ററുകളിലെത്തി മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ആനന്ത് കുമാർ.
തനിക്ക് ബ്രെയിൻ ട്യൂമർ ബാധിച്ചിരിക്കുകയാണെന്നും ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ ചിത്രം റിലീസ് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നുമാണ് ആനന്ത് കുമാറിന്‍റെ വെളിപ്പെടുത്തല്‍. 'സിനിമ വളരെ പെട്ടെന്ന് പൂർത്തിയാകണമെന്ന് ആഗ്രഹിച്ചിരുന്നു. മരണം എന്നുവരുമെന്ന് പ്രവചിക്കാനാകില്ല. 2014ല്‍ ഒരു ചെവിയുടെ കേൾവി ശക്തി നഷ്ടപ്പെട്ടപ്പോഴാണ് ആശുപത്രിയില്‍ പോയി ടെസ്റ്റുകൾ നടത്തിയത്. ചെവിക്കും തലച്ചോറിനുമിടയിലുള്ള ഒരു നാഡിയിലാണ് ട്യൂമർ ബാധ. ഇപ്പോഴും ചികിത്സ തുടരുകയാണ്', ആനന്ത് കുമാർ പറഞ്ഞു. ഹൃതിക്കിനല്ലാതെ മറ്റാർക്കും തന്‍റെ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കാൻ സാധിക്കില്ലെന്നും അനന്തകുമാർ വ്യക്തമാക്കി.
പട്നയില്‍ ധനികരായ കുട്ടികൾക്ക് എൻട്രൻസ് കോച്ചിങ് ക്ലാസ് നല്‍കുന്ന അധ്യാപകനായിരുന്നു ആനന്ത് കുമാർ. എന്നാല്‍ പാവപ്പെട്ട കുട്ടികൾക്ക് വേണ്ടിയും ഇത്തരം ഒരു സ്ഥാപനം വേണമെന്ന് അദ്ദേഹം തീരുമാനിച്ചു. തുടർന്ന് സൂപ്പർ 30 എന്ന സ്ഥാപനം ആരംഭിക്കുകയും തിരഞ്ഞെടുത്ത നിർധനരായ 30 കുട്ടികളെ ഐഐടി പ്രവേശനം ലഭിക്കുന്നതിനായി സൗജന്യമായി പഠിപ്പിക്കാനും ആരംഭിച്ചു. പിന്നീട് അദ്ദേഹത്തിന്‍റെ ജീവിതത്തിലുണ്ടായ പല വിവാദങ്ങളെ കുറിച്ചും സിനിമയില്‍ പറയുന്നുണ്ട്.