സഹപ്രവർത്തകൻ ഉത്സവ് ചക്രബർത്തിക്കെതിരെ മീ ടു ആരോപണം ഉയർന്നിട്ടും നടപടി എടുക്കാതിരുന്നതിന്‍റെ പേരില്‍ പ്രശസ്ത കോമഡി ഗ്രൂപ്പായ എഐബിയുടെ സിഇഒ സ്ഥാനത്ത് നിന്ന് സ്റ്റാൻഡ് അപ്പ് കൊമേഡിയനായ തന്മയ് ഭട്ടിനെ പുറത്താക്കിയിരുന്നു. നിരപരാധി ആയിരുന്നിട്ട് കൂടി തന്മയിയുടെ ജീവിതത്തില്‍ മീ ടൂ തീർത്ത വെല്ലുവിളി വളരെ വലുതായിരുന്നു. ഈ സംഭവങ്ങള്‍ക്ക് പിന്നാലെ താന്‍ അനുഭവിക്കേണ്ടി വന്ന മാനസിക സമ്മർദ്ദത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഭട്ട് ഇപ്പോള്‍.
ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്ത് വിട്ട് വീഡിയോയിലാണ് ഭട്ട് തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയെ കുറിച്ച് വിവരിച്ചത്. 'ഒക്ടോബറിലെ സംഭവവികാസങ്ങള്‍ക്ക് ശേഷം ഞാന്‍ മാനസികമായി തകര്‍ന്നു. എന്റെ ശരീരം തളര്‍ന്ന് പോയി എന്നാണ് എനിക്ക് തോന്നുന്നത്. ആളുകളുമായി ഇടപെടാന്‍ കഴിയാതെയായി. എന്റെ യൗവ്വനം ഞാന്‍ ഒരു കമ്പനി വളര്‍ത്താനായാണ് ഉപയോഗിച്ചത്. എന്നിട്ടും ആ ഓഫീസ് വിട്ടിറങ്ങേണ്ടിവന്ന അവസ്ഥ എന്നെ പിടിച്ചുലച്ചു. എനിക്കൊപ്പം ജോലി ചെയ്തവരോട് യാത്രപറയേണ്ടി വന്നത് എന്നെ മാനസികവും ശാരീരികവുമായി അസ്വസ്ഥനാക്കി. ഞാന്‍ വിഷാദരോഗത്തിന് അടിമയായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു,' ഭട്ട് വീഡിയോയില്‍ പറയുന്നു.
പലരും നല്ല പല ചോദ്യങ്ങളും ചോദിക്കുന്നുണ്ട്. എന്തുകൊണ്ട് മുന്നോട്ട് പോകുന്നില്ല? നഷ്ടപ്പെട്ടതൊക്കെ വീണ്ടും തിരിച്ച് പിടിച്ച് കൂടെ? എന്നൊക്കെ. പക്ഷെ എന്നെ തന്നെ തിരിച്ചുപിടിക്കാന്‍ മാത്രം ശക്തനാണ് ഞാന്‍ എന്ന് കരുതുന്നില്ല. മരുന്ന് കഴിക്കാന്‍ ഡോക്ടര്‍ എന്നോട്ട് ആവശ്യപ്പെട്ടിട്ട് ഇപ്പോള്‍ കുറച്ച് മാസങ്ങള്‍ പിന്നിട്ടു. ചില സമയത്ത് തളര്‍ച്ചയുടെ ഈ അവസ്ഥ സ്ഥിരമായി സംഭവിക്കുകയാണ് എന്ന് പോലും എനിക്ക് തോന്നാറുണ്ട്- ഭട്ട് കൂട്ടിച്ചേര്‍ത്തു.
താന്‍ എന്ന് തിരിച്ചുവരുമെന്നോ എങ്ങനെ തിരിച്ചെത്തുമെന്നോ അറിയില്ലെന്നും ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൈയ്യിലില്ലെന്നും ഭട്ട് വിഡിയോയില്‍ പറഞ്ഞു. തനിക്ക് പിന്തുണ നല്‍കിയവർക്ക് നന്ദി അറിയിച്ച് കൊണ്ടാണ് ഭട്ട് വീഡിയോ അവസാനിപ്പിക്കുന്നത്.