മലയാളത്തിലെ എക്കാലത്തെയും കൾട്ട് ചിത്രങ്ങളില്‍ ഒന്നാണ് സ്ഫടികം. ആടുതോമയെയും ചാക്കോ മാഷിനെയും മലയാളികൾ ജീവനുള്ളിടത്തോളം കാലം മറക്കില്ല. ചിത്രം പുറത്തിറങ്ങിയിട്ട് 24 വർഷം തികയുന്ന ഈ വേളയില്‍ ചിത്രത്തിന്റെയും ആടുതോമയുടെയും ആരാധകർക്ക് ഒരു സന്തോഷ വാർത്തയുമായി എത്തുകയാണ് സംവിധായകൻ ഭദ്രൻ.
സിനിമയുടെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രമുഖ തിയേറ്ററുകളിൽ ‘സ്ഫടിക’ത്തിന്റെ4K പതിപ്പ് പ്രദർശിപ്പിക്കുമെന്നാണ് സംവിധായകൻ ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. “സ്ഫടികം ഒരു നിയോഗമാണ്. ഞാൻ വളർന്ന നാടും, നാട്ടുകാരും എന്‍റെമാതാപിതാക്കളും, ഗുരുക്കളുമൊക്കെയാണ് ആ സിനിമയുടെ ഉടയോന്മാർ. നിങ്ങൾ ഹൃദയത്തിലേറ്റിയ ‘സ്ഫടികം’ സിനിമ റിലീസിംഗിന്റെ24-ാം വാർഷികം ആഘോഷിക്കുകയാണ്. ആടുതോമയും ചാക്കോ മാഷും റെയ് ബാൻ ഗ്ലാസ്സും ഒട്ടും കലർപ്പില്ലാതെ നിങ്ങൾ സ്നേഹിച്ച ‘സ്ഫടികം’ സിനിമ 4 K ശബ്ദ ദൃശ്യവിസ്മയങ്ങളോടെ, അടുത്ത വർഷം സിനിമയുടെ റിലീസിംഗിന്റെ25-ാം വാർഷികത്തോടനുബന്ധിച്ച് പ്രമുഖ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും. ഭൂമിയുള്ളിടത്തോളം കാലം നിങ്ങളുടെ ‘സ്ഫടികം’ നമ്മോടൊപ്പം ജീവിക്കും,” ഭദ്രൻ കുറിച്ചു.
അതേസമയം സൗബിൻ സാഹിറിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ‘ജൂതൻ’ ആണ് അണിയറയിൽ ഒരുങ്ങുന്ന പുതിയ ഭദ്രൻ ചിത്രം. പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭദ്രൻ സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുന്നത്. ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം മോഹൻലാല്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കവച്ചിരുന്നു.