'നിക്കമ്മ' എന്ന ആക്ഷന്‍ ചിത്രത്തിലൂടെ 13 വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട് നടി ശില്‍പ ഷെട്ടി വീണ്ടും ബോളിവുഡിലേക്ക് മടങ്ങിയെത്തുന്നു. സാബ്ബിര്‍ ഖാന്‍ ചിത്രത്തിലൂടെയാണ് ശില്‍പ തിരിച്ചെത്തുന്നത്. വീണ്ടും അഭിനയിക്കാന്‍ താന്‍ തയ്യാറായി കഴിഞ്ഞെന്നും ബിഗ് സ്‌ക്രീനിലേക്കുള്ള മടങ്ങിവരവിനായി കാത്തിരിക്കുകയാണെന്നുമാണ് ശില്‍പയുടെ വാക്കുകൾ.
വളരെ വ്യത്യസ്തതയുള്ള ഒരു ചിത്രമാണിതെന്നും സാബ്ബിറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു. ചിത്രത്തിലെ തന്‍റെ റോള്‍ വളരെയധികം ഇഷ്ടമായെന്നും താന്‍ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമാണ് ഈ സിനിമയിലെന്നും ശില്‍പ കൂട്ടിച്ചേര്‍ത്തു. 'എന്നെ മറ്റൊരു വേഷത്തില്‍ പ്രേക്ഷകര്‍ കാണുന്നതിനായി കാത്തിരിക്കാന്‍ കഴിയുന്നില്ല', താരം പറഞ്ഞു. റിയാലിറ്റി ഷോ വിധി കർത്താവായി മിനി സ്ക്രീനില്‍ സജീവമാണെങ്കിലും 2007മുതല്‍ ശില്‍പ ഷെട്ടി അഭിനയത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.
അഭിമന്യു ദസ്സാനിയും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ ഷേര്‍ലി സെത്തിയയുമാണ് നിക്കമ്മയിലെ മറ്റ് താരങ്ങൾ. സോണി പിക്‌ച്ചേഴ്‌സ് ഇന്‍റര്‍നാഷണലും സാബ്ബിര്‍ ഖാന്‍ ഫിലിംസും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും.