എറണാകുളം: ഷെയ്‌ൻ നിഗവും നിർമാതാക്കളും തമ്മിലുള്ള പ്രശ്‌നത്തില്‍ വീണ്ടും ചർച്ച നടത്തി. ഷെയ്‌നും അമ്മ സംഘടനയുടെ ഭാരവാഹികളും തമ്മിലാണ് ചര്‍ച്ച നടത്തിയത്. നടൻ സിദ്ധിഖിന്റെ വീട്ടിൽ വച്ചായിരുന്നു പ്രശ്‌നം പരിഹരിക്കുന്നതിനെ കുറിച്ചുള്ള ചർച്ച നടത്തിയത്. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും രഹസ്യ ചർച്ചയിൽ പങ്കെടുത്തു.
ഇന്നലെ രാത്രി നടന്ന ചർച്ചയിൽ വെയിൽ, കുർബാനി, ഉല്ലാസം തുടങ്ങി മുടങ്ങിക്കിടക്കുന്ന സിനിമകൾ പൂർത്തീകരിക്കാൻ തയ്യാറാണെന്ന് ഷെയ്ൻ നിഗം അമ്മ ഭാരവാഹികൾക്ക് ഉറപ്പു നൽകിയതായാണ് സൂചന. അതേ സമയം സംവിധായകരും നിർമ്മാതാക്കളും തന്നോട് കാണിച്ചത് നീതിയാണോയെന്ന ചോദ്യം ഷെയിന്‍ ഭാരവാഹികൾക്ക് മുന്നിൽ ഉന്നയിച്ചു. അമ്മ സംഘടനയോട് താരം തനിക്ക് പറയാനുള്ളതെല്ലാം വിശദമായി സംസാരിച്ചു. ഷെയ്ൻ ഉന്നയിച്ച കാര്യങ്ങൾ കൂടി കണക്കിലെടുത്ത് ഫെഫ്‌ക നേതൃത്വവുമായി അമ്മ ഉടൻ ചർച്ച നടത്തും. ശേഷം, പ്രസിഡന്‍റ് മോഹൻലാൽ ഉൾപ്പടെയുള്ളവരുമായും വിഷയം ചർച്ച ചെയ്യും. വെയിൽ സിനിമയുടെ സംവിധായകൻ ശരത്തുമായാണ് പ്രധാനമായും അഭിപ്രായ വ്യത്യാസമുള്ളതെന്ന് ഷെയ്‌ൻ ചർച്ചയിൽ പറഞ്ഞു. 15 ദിവസം കൊണ്ട് ഷൂട്ടിങ് പൂർത്തിയാക്കാമെന്ന് ധാരണയിലെത്തിയിരുന്നുവെങ്കിലും ഏകപക്ഷീയമായി ഇത് 24 ദിവസത്തേക്ക് ദീർഘിപ്പിക്കുകയായിരുന്നുവെന്നും ഷെയ്‌ൻ ആരോപിച്ചു. ഈ വിഷയത്തിൽ ഫെഫ്‌ക നേതൃത്വം സംവിധായകനുമായി ചർച്ച നടത്തിയ ശേഷം അമ്മ ജനറൽ സെക്രട്ടറി ഫെഫ്കയുമായി സംസാരിക്കും. തുടർന്ന് നിർമാതാക്കളുടെ സംഘടനയുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനാണ് താരസംഘടനയുടെ ശ്രമം.