65 ഓളം പുതുമുഖ താരങ്ങളും പതിനഞ്ചോളം തിയേറ്റർ ആർട്ടിസ്റ്റുകളെയും ഉൾപ്പെടുത്തി ശങ്കർ രാമകൃഷ്ണൻ ഒരുക്കുന്ന പതിനെട്ടാം പടിയുടെ ചിത്രീകരണം പൂർത്തിയായി. മമ്മൂട്ടിയും പൃഥ്വിരാജും ഉണ്ണി മുകുന്ദനും തമിഴ് നടൻ ആര്യയും ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്. ഇവരെ കൂടാതെ പ്രിയാമണി, അഹാന കൃഷ്ണ, മനോജ് കെ ജയൻ, മണിയൻപിള്ള, ലാലു അലക്സ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം അടിസ്ഥാന വിദ്യഭ്യാസം ക്ലാസ്സ് മുറികളിൽ നിന്നല്ല, പുറത്തുള്ള സമൂഹത്തിൽ നിന്നുമാണ് ലഭിക്കുന്നത് എന്ന സന്ദേശമാണ് മുന്നോട്ട് വയ്ക്കുന്നത്. എ ആർ റഹ്മാന്റെ മരുമകനായ എ എച്ച് കാഷിഫാണ് സംഗീത സംവിധാനം. ഓഗസ്റ്റ് സിനിമയ്ക്ക് വേണ്ടി ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രം ജൂൺ അവസാനത്തോടെ തിയേറ്ററുകളിലെത്തും.
പ്രശസ്ത തിരക്കഥാകൃത്തും നടനുമായ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘പതിനട്ടാം പടി’. ശങ്കർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. ആദ്യമായി സംവിധാനം നിർവ്വഹിച്ച ‘കേരള കഫേ’യിലെ ഒരു ചിത്രത്തിന് പുറമെ ‘ഉറുമി’, ‘നത്തോലി ഒരു ചെറിയ മീനല്ല’, ‘മൈ സ്റ്റോറി’ തുടങ്ങിയ സിനിമകളുടെ തിരക്കഥയും ശങ്കർ രാമകൃഷ്ണന്റേതായിരുന്നു.