പ്രതികളെ പൊലീസ് വലവീശി പിടിച്ചു എന്നെല്ലാം സാധാരണയായി ഉപയോഗിക്കാറുള്ള പ്രയോഗമാണ്. എന്നാല്‍, ബോളിവുഡ് താരം സല്‍മാന്‍ഖാന്‍റെ മുന്‍ ബോഡിഗാര്‍ഡിനെ പൊലീസ് പിടിച്ചത് അക്ഷരാര്‍ഥത്തില്‍ വലവീശി തന്നെയാണ്.
മുംബൈയില്‍ ബൗണ്‍സറായി ജോലി ചെയ്യുന്ന അനസ് ഖുറേഷി എന്നയാളെയാണ് മൊറാദ്ബാദില്‍ വച്ച് ഉത്തര്‍പ്രദേശ് പൊലീസ് പിടികൂടിയത്. അമിതമായി സ്റ്റിറോയ്ഡ് ഉപയോഗിച്ച് നിലതെറ്റി ബഹളം വച്ച അനസിനെ നാട്ടുകാരുടെ സഹായത്തോടെ കയറും മീന്‍പിടിക്കുന്ന വലയും ഉപയോഗിച്ചാണ് പൊലീസിന് പിടിക്കാനായത്. രണ്ട് വര്‍ഷം മുന്‍പ് വരെ സല്മാന്റെ സ്വകാര്യ സുരക്ഷാവിഭാഗത്തില്‍ പ്രവര്‍ത്തിച്ചയാളായിരുന്നു അനസ്. പത്ത് ദിവസം മുന്‍പാണ് ഇദ്ദേഹം ജന്മനാട്ടില്‍ എത്തിയത്. രണ്ട് ദിവസം മുന്‍പ് ഇവിടെ നടന്ന മിസ്റ്റര്‍ മൊറാദാബാദ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് ഫസ്റ്റ് റണ്ണറപ്പാവുകയും ചെയ്തു. എന്നാല്‍ ഈ ചാമ്പ്യന്‍ഷിപ്പിലെ തോല്‍വിയില്‍ അനസ് അസ്വസ്ഥനായിരുന്നുവെന്നാണ് പറയുന്നത്.
രാവിലെ ഉണര്‍ന്നതോടെയാണ് അനസിന്‍റെ ശരീരത്തില്‍ തലേ ദിവസം ഉപയോഗിച്ച മരുന്നിന്‍റെ പാര്‍ശ്വഫലങ്ങൾ കണ്ടുതുടങ്ങിയത്. ഉടനെ വീട്ടില്‍ നിന്ന് പുറത്തേക്ക് ഓടുകയും വഴിയാത്രക്കാരെ ആക്രമിക്കുകയും വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും നിര്‍ത്തിയിട്ട വാഹനങ്ങള്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ച് തകര്‍ക്കുകയും ചെയ്യാന്‍ തുടങ്ങി. അക്രമാസക്തനായ ഇയാളെ പിടികൂടാന്‍ കഴിയാതെ വന്നപ്പോഴാണ് വല ഉപയോഗിച്ചത്. പിടിയിലായ അനസിനെ ആദ്യം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് ബറേയ്‌ലിയിലെ മാനസികരോഗാശുപത്രിയിലും പ്രവേശിപ്പിച്ചു. 2017ല്‍ ഒരു ബന്ധുവിനെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ അനസ് പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു.