അഭിനയം ഉപേക്ഷിക്കുകയാണെന്ന ദംഗല്‍ നായിക സൈറ വാസിമിന്‍റെ പ്രഖ്യാപനം ഞെട്ടലോടെയാണ് സിനിമാ പ്രേമികൾ കേട്ടത്. തന്‍റെ മത വിശ്വാസത്തിന് തടസമാകുന്നതിനാലാണ് അഭിനയം ഉപേക്ഷിക്കാൻ തീരുമാനിക്കുന്നതെന്നായിരുന്നു ദേശീയ പുരസ്കാര ജേതാവ് കൂടിയായ സൈറയുടെ പ്രഖ്യാപനം.
താരത്തിന്‍റെ തീരുമാനം സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചകൾക്കാണ് വഴി വച്ചിരിക്കുന്നത്. ഇപ്പോഴിതാ സൈറയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി രവീണ ടണ്ടൻ. ട്വിറ്ററിലൂടെയാണ് രവീണ സൈറയോടുള്ള നീരസം പ്രകടമാക്കിയത്. 'രണ്ട് ചിത്രത്തില്‍ മാത്രം അഭിനയിച്ച ഒരാൾ സിനിമയോട് നന്ദികേട് കാണിച്ചത് ഒരു വലിയ പ്രശ്നമല്ല. അവരുടെ കാഴ്ചപ്പാടുകൾ കയ്യില്‍ തന്നെ വച്ച്, മാന്യതയോടെ അവർ ഇറങ്ങിപ്പോകട്ടെ എന്ന് മാത്രമാണ് ആശംസിക്കാനുള്ളത്', രവീണ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ഈ പ്രതികരണം വിവാദമായതോടെ രവീണ നിലപാട് മയപ്പെടുത്തി. സൈറയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും എന്നാല്‍, സിനിമ തന്നെ വിശ്വാസത്തില്‍ നിന്ന് വേർപ്പെടുത്തിയെന്ന സൈറയുടെ പ്രസ്താവനയാണ് തന്നെ വേദനിപ്പിച്ചതെന്നും രവീണ വ്യക്തമാക്കി.
2016 ല്‍ പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രം ദംഗലിലൂടെയാണ് സൈറ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ദംഗലിലെ അഭിനയത്തിന് ദേശീയ പുരസ്കാരം നേടിയെങ്കിലും ചിത്രത്തിനായി മുടി മുറിച്ചതിനെയും സൈറയുടെ വസ്ത്രധാരണത്തെയും എതിർത്ത് ചിലർ രംഗത്തെത്തിയിരുന്നു. 'ദ സ്കൈ ഈസ് പിങ്ക്' ആണ് സൈറയുടെ പുറത്തിറങ്ങാനുള്ള ചിത്രം.