ഓസ്‌കര്‍ ജേതാവും പ്രശസ്ത ശബ്ദസംയോജകനുമായ റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സിനിമയില്‍ മോഹന്‍ലാല്‍ മുഖ്യവേഷത്തിലെത്തുന്നു. ഏറെ നാളായി ഇതേപ്പറ്റി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഈയടുത്ത് ഒരു പ്രമുഖ മാധ്യമത്തിന്നൽകിയ അഭിമുഖത്തിലാണ് പുതിയ സംരംഭത്തെക്കുറിച്ച് അദ്ദേഹം മനസ്സുതുറന്നത്.
''യുഎസ് കമ്പനിയാണ് ചിത്രത്തിൻ്റെനിര്‍മ്മാതാക്കള്‍. കരാര്‍ നടപടിക്രമം പൂര്‍ത്തിയാക്കാനുണ്ട്. മോഹന്‍ലാലുമായി ഒരു പ്രാവശ്യം ചര്‍ച്ച നടത്തി. ഏറെ രസകരമായ സബ്‌ജെക്റ്റാണ് ഇത്. സംവിധാനം ചെയ്യുന്ന ആദ്യ സിനിമ ഹിന്ദിയിലായിരിക്കും. ഈ വര്‍ഷം തന്നെയത് പ്രതീക്ഷിക്കാം. മലയാള സിനിമയുടെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു'',റസൂൽ പൂക്കുട്ടി പറഞ്ഞു.
സിനിമയ്ക്കായി 45 ദിവസത്തെ ഡേറ്റ് ആണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്. ആദ്യമായാണ് ഒരു വെബ് സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്.
അതേസമയം പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന 'ദ സൗണ്ട് സ്റ്റോറി'യിലൂടെ നായകനായി അരങ്ങേറാനൊരുങ്ങുകയാണ് റസൂൽ പൂക്കുട്ടി.ത്യശ്ശൂർ പൂരത്തെ ആസ്പദമാക്കിയൊരുങ്ങുന്നചിത്രത്തിൻ്റെസൗണ്ട് ഡിസൈനിങ്ങും, ശബ്ദ മിശ്രണവും കൈകാര്യം ചെയ്തിരിക്കുന്നത് അദ്ദേഹം തന്നെയാണ്.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രം ഏപ്രില്‍ അഞ്ചിനാണ് തിയേറ്ററുകളിലെത്തുക.