കൊച്ചി : ചില പോത്ത് ആഗ്രഹങ്ങളുമായി നടനും സംവിധായകനും സ്‌റ്റാന്‍ഡ് അപ്പ് കൊമേഡിയനുമായ രമേഷ് പിഷാരടി. തന്‍റെ ആദ്യ ഡിജിറ്റല്‍ പ്രൊഡക്ഷനിലൂടെയാണ് പിഷാരടി തന്‍റെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ ഒരുങ്ങുന്നത്.
പെറ്റ്‌ഫ്ലിക്‌സ് എന്നാണ് പുതിയ സംരംഭത്തിന് പേരിട്ടിരിക്കുന്നത്. തന്‍റെ യൂട്യൂബ് ചാനലായ രമേഷ് പിഷാരടി എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സിലൂടെ കഴിഞ്ഞ ദിവസം തുടങ്ങിയ പരിപാടിയാണിത്. മൃഗ സ്‌നേഹികള്‍ വളര്‍ത്തുന്ന, പ്രത്യേകതകളുള്ള പക്ഷിമൃഗാദികളും മറ്റ് ജീവജാലങ്ങളുമാണ് പെറ്റ്ഫ്‌ളിക്‌സില്‍ അതിഥികളായെത്തുക.
ലോകത്തെ തന്നെ ഏറ്റവും വലിപ്പം കൂടിയ പോത്തുകളുമായാണ് ആദ്യ എപ്പിസോഡില്‍ പിഷാരടിയും കൂട്ടരും എത്തിയത്.
- " class="align-text-top noRightClick twitterSection" data="">
'ഇവന്മാരെ കണ്ടാല്‍ ബെല്ലാരി രാജയുടെ കലിപ്പ് തീരും...' എന്ന തലക്കെട്ടോടുകൂടിയാണ് ആദ്യ എപ്പിസോഡ് പുറത്തിറക്കിയത്. മമ്മൂട്ടിയുടെ രാജ്യമാണിക്യം സിനിമയെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള തലക്കെട്ടാണിത്.
പിഷാരടി തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് വീഡിയോ റിലീസ് ചെയ്‌തത്. 'എന്‍റെ ആദ്യത്തെ ഡിജിറ്റല്‍ പ്രൊഡക്ഷന്‍.. ചില പോത്ത് ആഗ്രഹങ്ങള്‍.. പറ്റുന്നതാണെങ്കില്‍ അങ്ങ് നടത്തുക തന്നെ ചെയ്യും' - വീഡിയോ പങ്കുവച്ച് പിഷാരടി കുറിച്ചു.
പുതിയ സംരംഭത്തിന് ആരാധകരുടെ പൂര്‍ണ പിന്തുണയും പിഷാരടിക്ക് ലഭിച്ചിട്ടുണ്ട്. 21 കോടി രൂപ വിലയുള്ള രണ്ട് പോത്തുകളുടെ വിശേഷമാണ് ആദ്യ എപ്പിസോഡില്‍ പറയുന്നത്.
പിഷാരടിക്കൊപ്പം ഗായകനായ സമദ് സുലൈമാനുമുണ്ട്. അന്ന ചാക്കോയാണ് പ്രോഗ്രാമിന്റെ അവതാരകയായെത്തുന്നത്. അബ്ബാസ് സംവിധാനം ചെയ്യുന്ന പരിപാടിയുടെ ക്യാമറ നിരഞ്ജ് സുരേഷ് ആണ്. എം.എസ്. സുധീഷ് ആണ് എഡിറ്റര്‍.
ജീവിതത്തില്‍ എന്തെങ്കിലും ടെന്‍ഷന്‍ വന്നാല്‍ ജീവികളുമായുള്ള സഹവാസമാണ് കൂടുതലും ചെയ്യുന്നതെന്നും താന്‍ ആദ്യം സംവിധാനം ചെയ്ത സിനിമയിലും ജീവികള്‍ ഒരു പ്രധാന ഭാഗമായിരുന്നെന്നും പിഷാരടി പറയുന്നു.
ജീവികളുമായുള്ള സംസര്‍ഗം വളരെ കൂടുതലാണ്. വിദേശരാജ്യങ്ങളില്‍ ചെന്നാല്‍, ആദ്യം ഓടിച്ചെല്ലുക അവിടുത്തെ മൃഗശാലയിലേക്കാണ്. ചില കാഴ്ചകള്‍ അങ്ങനെ തന്നെ കണ്ടുതീര്‍ക്കുക എന്നതിലപ്പുറം പ്രേക്ഷകരുമായി പങ്കുവയ്ക്കുക എന്ന ആശയമാണ് പെറ്റ്ഫ്‌ളിക്‌സിനുപിന്നിലുള്ളതെന്നും രമേഷ് പിഷാരടി പറയുന്നു.