പ്രഭാസ് നായകനായ 'രാധേ ശ്യാം' ഒടിടി റിലീസിനൊരുങ്ങുന്നു. ഏപ്രിൽ 1 മുതൽ രാധേ ശ്യാം ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തും. രാധാകൃഷ്‌ണ കുമാർ സംവിധാനം ചെയ്‌ത പ്രണയ കഥയായ രാധേ ശ്യാമിൽ പ്രഭാസും പൂജ ഹെഗ്‌ഡെയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
യുവി ക്രിയേഷൻസായിരുന്നു ചിത്രത്തിന്‍റെ നിർമാണം. സച്ചിൻ ഖേദേക്കർ, പ്രിയദർശി പുലികോണ്ട, ഭാഗ്യശ്രീ, ജഗപതി ബാബു, മുരളി ശർമ്മ, കുനാൽ റോയ് കപൂർ, റിദ്ധി കുമാർ, സാഷ ചെത്രി, സത്യൻ എന്നിവരും ചിത്രത്തിൽ വേഷമിട്ടു. ഡിജിറ്റൽ റിലീസിനൊരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലാണ് റിലീസാവുക.
ജീവിതത്തോടുള്ള സമീപനങ്ങളിൽ ഇരുധ്രുവങ്ങളിൽ നിൽക്കുന്ന വിക്രം ആദിത്യയുടേയും പ്രേരണയുടേയും പ്രണയകഥയാണ് ചിത്രം പറയുന്നത്. പ്രഭാസ് അവതരിപ്പിക്കുന്ന വിക്രം ആദിത്യ വിധിയിൽ വിശ്വസിക്കുന്നയാളും പൂജ ഹെഗ്‌ഡെയുടെ കഥാപാത്രമായ പ്രേരണ ശാസ്ത്രത്തിൽ വിശ്വസിക്കുന്നയാളുമാണ്.
ഡിജിറ്റൽ റിലീസിലൂടെ ഈ പ്രണയകാവ്യം കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിൽ താൻ സന്തോഷവാനാണെന്ന് പ്രഭാസ് പറഞ്ഞു.