സിനിമ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ വിവാഹം. അമേരിക്കൻ ഗായകൻ നിക് ജൊനാസാണ് പ്രിയങ്കയുടെ ഭർത്താവ്. വിവാദങ്ങളും വിമർശനങ്ങളും കൊണ്ട് സമ്പന്നമായിരുന്നു ഇരുവരുടെയും പ്രണയവും വിവാഹവും.
36 വയസ്സുള്ള പ്രിയങ്ക ചോപ്ര 26കാരനായ നിക്കിനെ വിവാഹം ചെയ്തതാണ് ഇരുവരെയും പരിഹാസത്തിന് ഇരയായത്. എന്നാല്‍ ഇതുവരെ ഇതിനെ കുറിച്ച് പ്രതികരിക്കാതിരുന്ന പ്രിയങ്ക ചോപ്ര ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അധിക്ഷേപങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്.
''പുരുഷന്മാർക്ക് തങ്ങളേക്കാൾ പ്രായം കുറഞ്ഞവരെ വിവാഹം ചെയ്യാം. പക്ഷെ സ്ത്രീകൾക്ക് ആയിക്കൂടാ. നമ്മുടെ സമൂഹത്തിന്‍റെ ഇരട്ടത്താപ്പാണിത്. പുരുഷന്മാർ അവരുടെ പകുതി പ്രായമുള്ള പെൺകുട്ടികളെ വിവാഹം ചെയ്യാറുണ്ട്. ആളുകൾ അത് ഇഷ്ടപ്പെടുന്നു. അതെ കുറിച്ച് ആരും ചോദിക്കാറുമില്ല, സംസാരിക്കാറുമില്ല'', പ്രിയങ്ക പ്രതികരിച്ചു.
വിവാഹത്തിന് ഒരുങ്ങിയപ്പോൾ ചിലർ ഇതിന്‍റെ പേരില്‍ പ്രശ്നമുണ്ടാക്കി. എന്നാല്‍ അതൊന്നും കാര്യമാക്കേണ്ട എന്നായിരുന്നു നിക്കിന്‍റെ മറുപടിയെന്നും താരം കൂട്ടിചേർത്തു.