ഒരു ആരാധികയോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോഴുണ്ടായ മോശം അനുഭവം പങ്കുവച്ച് നടൻ പ്രകാശ് രാജ്. ഒപ്പം നിന്ന് സെല്‍ഫിയെടുക്കണമെന്ന ആവശ്യവുമായി ഒരു സ്ത്രീ തന്നെ സമീപിച്ചുവെന്നും എന്നാല്‍ ഫോട്ടോ എടുത്തതിന് ശേഷം അത് നീക്കം ചെയ്യാന്‍ യുവതിയുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടുവെന്നും പ്രകാശ് രാജ് പറയുന്നു.
''കാശ്മീരിലെ ഗുല്‍മാര്‍ഗിലെ ഹോട്ടലില്‍ നിന്നും പുറത്തിറങ്ങവെ ഒരു സ്ത്രീയും കുട്ടിയും എന്നോടൊപ്പം ഒരു സെല്‍ഫി ആവശ്യപ്പെട്ട് വന്നു. ഞാന്‍ സെല്‍ഫിയില്‍ അവര്‍ക്കൊപ്പം നിന്നു. അവര്‍ക്കത് വലിയ സന്തോഷമായി. എന്നാല്‍ പെട്ടെന്ന് അവരുടെ ഭര്‍ത്താവ് ഇടപെട്ട് ആ സെല്‍ഫി നീക്കം ചെയ്യാന്‍ അവരോട് ആവശ്യപ്പെട്ടു. ഞാന്‍ മോദിയുടെ ആശയങ്ങളോട് എതിര്‍ത്ത് നിന്നതാണ് കാരണം. ചുറ്റുമുണ്ടായിരുന്ന വിനോദസഞ്ചാരികളെല്ലാം അത് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ആ സ്ത്രീ കരച്ചിലായി.
ഞാന്‍ അയാളെ അടുത്ത് വിളിച്ചു. എന്നിട്ട് പറഞ്ഞു. സര്‍..ഞാനോ മോദിയോ അല്ല താങ്കളും താങ്കളുടെ ഭാര്യയും വിവാഹിതരാകാന്‍ കാരണം. അവര്‍ നിങ്ങള്‍ക്ക് ഈ ഭാഗ്യവതിയായ മകളെ തന്നു.. നല്ലൊരു ജീവിതം നിങ്ങളോടൊത്ത് പങ്കു വെച്ചു.. നിങ്ങളുടെ കാഴ്ച്ചപ്പാടുകളെ അവര്‍ മാനിക്കുന്നത് പോലെ അവരുടേത് നിങ്ങളും മാനിക്കുക.. വെക്കേഷന്‍ നന്നയായിരിക്കട്ടെ.. അയാള്‍ ഒന്നും പറയാതെ നിന്നു. ഹൃദയത്തില്‍ വിങ്ങലുമായാണ് ഞാന്‍ പടിയിറങ്ങിയത്. അയാള്‍ ഫോട്ടോ നീക്കം ചെയ്യുമായിരിക്കാം.. ഇല്ലായിരിക്കാം.. പക്ഷേ അവരുടെ മുറിവ് മായ്ക്കാന്‍ അയാള്‍ക്കാകുമോ?'' പ്രകാശ രാജ് ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്ശിച്ചതിന്റെ പേരില്‍ പ്രകാശ് രാജ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബാംഗ്ലൂര്‍ സെന്ററില് നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു. ബിജെപിക്കും സംഘപരിവാർ രാഷ്ട്രീയത്തിനുമെതിരെ കർണാടക നിയമസഭ തെരഞ്ഞെടുപ്പിലുൾപ്പെടെ പ്രചാരണം നടത്തിയ പ്രകാശ് രാജിന് കനത്ത തോല്‍വിയാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്നത്.