ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയൻ അവാർഡുകളിൽ ഒന്നായ പത്മഭൂഷൻ പുരസ്കാരം സ്വന്തമാക്കിയ മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലിനെ ഹാരമണിയിച്ച് ആദരിക്കുകയാണ് നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ആന്‍റണി പെരുമ്പാവൂരും ചേർന്ന്. ‘കായംകുളം കൊച്ചുണ്ണി’യുടെ നൂറാംദിവസം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിക്കിടെയായിരുന്നു ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ലാലിനെ ആദരിച്ചത്.
കായംകുളത്തെയും പരിസരപ്രദേശങ്ങളെയും വിറപ്പിച്ച കള്ളൻ കൊച്ചുണ്ണിയായി നിവിൻ പോളി അഭിനയിച്ച ‘കായംകുളം കൊച്ചുണ്ണി’ സമീപകാലത്തിറങ്ങിയ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. 2018 ഒക്ടോബർ 10 ന് റിലീസായ ചിത്രം നൂറുദിവസങ്ങൾ പിന്നീട്ട് ബോക്സ് ഓഫീസിൽ വൻവിജയം നേടിയിരിക്കുകയാണ്. ചിത്രത്തിന്‍റെ വിജയാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ കൊച്ചിയിൽ ഒത്തുച്ചേരുകയായിരുന്നു. നിവിൻ പോളി, മോഹൻലാൽ, റോഷൻ ആൻഡ്രൂസ് എന്നിവർക്കൊപ്പം ചിത്രത്തിന്‍റെ നിർമ്മാതാവായ ഗോകുലം ഗോപാലൻ, തിരക്കഥാകൃത്തുക്കളായ ബോബി, സഞ്ജയ്, പ്രിയ ആനന്ദ്, സംവിധായകൻ ജീത്തു ജോസഫ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.