ഒമർ ലുലു ചിത്രം ധമാക്കയിൽ മുകേഷ് ശക്തിമാന്‍റെ വേഷത്തിൽ എത്തും. ശക്തിമാന്‍ കഥാപാത്രത്തിന്‍റെ കോപ്പിറൈറ്റ്സ് ഉള്ള മുകേഷ് ഖന്നയുമായി പ്രശ്നങ്ങൾ പറഞ്ഞ് തീർത്തതോടെയാണ് വിലക്ക് നീങ്ങിയത്.
ശക്തിമാനെ സിനിമയിൽ അവതരിപ്പിക്കാൻ മുകേഷ് ഖന്ന അനുവാദം തന്നുവെന്നും തന്‍റെ അപേക്ഷ സ്വീകരിച്ച അദ്ദേഹത്തോട് ഒരുപാട് കടപ്പെട്ടിരിക്കുന്നുവെന്നും ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു. 'ധമാക്ക എന്ന എന്‍റെ ഏറ്റവും പുതിയ ചിത്രത്തിനായി ശക്തിമാന്‍ എന്ന കഥാപാത്രത്തെ ഉപയോഗിക്കാന്‍ അനുവാദമേകിയതിന് നന്ദി. ഞങ്ങളുടെ അപേക്ഷ കൈക്കൊണ്ടതിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു', ഒമർ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.
ശക്തിമാനായി മിനിസ്‌ക്രീനില്‍ നിറഞ്ഞ് നിന്നിരുന്ന മുകേഷ് ഖന്ന ഫെഫ്‌ക യൂണിയന്‍ പ്രസിഡന്‍റ് രഞ്ജി പണിക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. ശക്തിമാന്‍ എന്ന കഥാപാത്രത്തിന്‍റെ പകര്‍പ്പാവകാശം തനിക്കാണെന്നും തന്‍റെ അനുവാദമില്ലാതെയാണ് ഒമര്‍ ലുലു ചിത്രത്തില്‍ നടന്‍ മുകേഷിനെ ആ വേഷത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും പരാതിയില്‍ പറഞ്ഞിരുന്നു.