റിയാലിറ്റി ഷോയിലൂടെ സംഗീതലോകത്തെത്തി, ഇപ്പോൾ മലയാള സിനിമയിലെ മുൻനിര ഗായികമാരിലൊരാളാണ് മൃദുല വാര്യർ. മൃദുലയുടെ ഏറ്റവും പുതിയ കവർ സോങ്ങാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്.
- " class="align-text-top noRightClick twitterSection" data="">
മലയാളത്തിലെ എക്കാലത്തെയും മികച്ച രണ്ട് പ്രണയഗാനങ്ങളാണ് മൃദുല ആലപിച്ചിരിക്കുന്നത്. പ്രണയിനിയുടെ സ്നേഹവും കാത്തരിപ്പും നിറയ്ക്കുന്ന, ചിത്രയുടെ സ്വരമാധുരിയില്‍ പിറന്ന 'നീലക്കുറുഞ്ഞികൾ പൂക്കുന്ന വേളയില്‍' ആണ് ആദ്യ ഗാനം. 'നീലക്കടമ്പ്' എന്ന ചിത്രത്തിന് വേണ്ടി കെ ജയകുമാറിന്‍റെ വരികൾക്ക് രവീന്ദ്രൻ മാഷാണ് ഈ പ്രണയ ഗാനത്തിന് ഈണമിട്ടത്. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും ചിത്ര ആലപിച്ച ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കമല്‍ സംവിധാനം ചെയ്ത മേഘമല്‍ഹാറിലെ യേശുദാസ് ആലപിച്ച 'ഒരു നറു പുഷ്പമായി' ആണ് രണ്ടാമത്തെ ഗാനം. ഒഎൻവി കുറുപ്പിന്‍റെ വരികൾക്ക് രമേശ് നാരായണനാണ് സംഗീതം നല്‍കിയത്.
ഈ ഗാനങ്ങള്‍ തന്നെ കവർ സോങ്ങാക്കാൻ ഉണ്ടായ കാരണവും മൃദുല വ്യക്തമാക്കി. ‘ചിത്രച്ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പിന്നെ, ഒരു കവർ സോങ് ചെയ്യുമ്പോള്‍ രവീന്ദ്രൻ മാഷിന്‍റെ സംഗീതത്തിലുള്ളത് എടുക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. ഒരു നറുപുഷ്പമായ് നിരവധി വേദികളിൽ ഞാൻ പാടിയിട്ടുണ്ട്. രണ്ടും വ്യത്യസ്തമായ രാഗത്തിലുള്ള പാട്ടുകളായതിനാൽ എടുക്കുമ്പോൾ ചെറിയ പേടിയുണ്ടായിരുന്നു. പക്ഷേ, പാടിക്കഴിഞ്ഞപ്പോൾ ഇരുഗാനങ്ങളും യോജിച്ചു പോയി.’ മൃദുല പറയുന്നു. വിഡിയോ കണ്ട് സംവിധായകൻ കമലും സംഗീത സംവിധായകൻ എം. ജയചന്ദ്രനും നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും മൃദുല പറഞ്ഞു.