പാക്കിസ്ഥാനിലെ കറാച്ചിയിൽ ഒരു പരിപാടിയിൽ പാടിയ ഗായകൻ മിഖാ സിംഗിന് ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തി സിനിമാലോകം. ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ (എ ഐ സി ഡബ്ല്യു എ) ആണ് ഗായകന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. സിനിമകളിൽ നിന്നും വിനോദ കമ്പനികളുമായുള്ള സംഗീത പരിപാടികളിൽ കരാർ ഏർപ്പെടുന്നതിൽ നിന്നും മിഖാ സിംഗിനെ ബഹിഷ്‌കരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
സിനിമാ നിർമാണകമ്പനികൾ, സംഗീത കമ്പനികൾ, ഓൺലൈൻ മ്യൂസിക് കണ്ടന്‍റ് പ്രൊവൈഡർമാർ എന്നിവരുമായുള്ള മിഖാ സിംഗിന്‍റെ കരാറുകളെല്ലാം ബഹിഷ്‌കരിക്കണമെന്ന നിലപാടാണ് സിനി വർക്കേഴ്സ് അസോസിയേഷൻ എടുത്തിരിക്കുന്നതെന്ന് എ ഐ സി ഡബ്ല്യു എ പ്രസിഡന്‍റ് സുരേഷ് ശ്യാംലാൽ ഗുപ്ത പ്രസ്താവനയിൽ പറഞ്ഞു. “ഇന്ത്യയിൽ ആരും മിഖാ സിംഗിനൊപ്പം പ്രവർത്തിക്കുന്നില്ലെന്ന് എ ഐ സി ഡബ്ല്യു എ ഉറപ്പ് വരുത്തും, ആരെങ്കിലും അങ്ങനെ ചെയ്താൽ അവർക്ക് കോടതിയിൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും എ ഐ സി ഡബ്ല്യു എ പറയുന്നു.
“രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമാകുമ്പോൾ, മിഖാ സിംഗ് പണത്തിന് രാജ്യത്തിന്‍റെ അഭിമാനത്തേക്കാൾ വില നൽകി,” എന്നാണ് ഫിലിം അസോസിയേഷന്‍റെ വിമർശനം. ഇക്കാര്യത്തിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ ഇടപെടലും അസോസിയേഷൻ തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.