ചെന്നൈ: യുകെയിൽ നിന്ന് ആഡംബര കാർ ഇറക്കുമതി ചെയ്‌തുമായി ബന്ധപ്പെട്ട കേസിൽ തമിഴ് നടൻ വിജയ്‌ക്കെതിരെ നടത്തിയ പരാമർശം നീക്കി മദ്രാസ് ഹൈക്കോടതി. സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവിന്‍റെ ചില ഖണ്ഡികകളിൽ നിന്ന് വിജയ്ക്കെതിരെയുള്ള പരാമർശം നീക്കം ചെയ്‌തതായി ജസ്റ്റിസുമാരായ പുഷ്‌പ സത്യനാരായണ, മുഹമ്മദ് ഷഫീഖ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 2021 ജൂലൈയിലാണ് മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിജയ്‌ക്കെതിരെ പരാമർശം നടത്തിയത്.
യുകെയിൽ നിന്ന് ഇറക്കുമതി ചെയ്‌ത റോൾസ് റോയ്‌സ് ഗോസ്റ്റ് എന്ന ആഡംബര വാഹനത്തിന് നികുതി ഇളവ് ആവശ്യപ്പെട്ട് വിജയ് കോടതിയെ സമീപിച്ചതിനെതിരെ സിംഗിൾ ബെഞ്ച് രൂക്ഷമായി ഭാഷയിൽ വിമർശിച്ചിരുന്നു. സിനിമയിലെ സൂപ്പർ ഹീറോ 'റീൽ ഹീറോ' മാത്രം ആയി മാറരുതെന്നായിരുന്നു കോടതിയുടെ പരാമർശം. വിജയ് സമര്‍പ്പിച്ച ഹർജി തള്ളിയ ബെഞ്ച് ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു.
Read more: 'റീൽ ഹീറോ മാത്രമാകരുത്' ; വിജയ്‌ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി
തുടർന്ന് സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവിനെതിരെ മുതിർന്ന അഭിഭാഷകനും തമിഴ്‌നാട് മുൻ അഡ്വക്കേറ്റ് ജനറലുമായ വിജയ് നാരായണൻ മുഖേന വിജയ് അപ്പീൽ നൽകി. മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നടത്തിയ പ്രതികൂല പരാമർശങ്ങൾ നടനെ വേദനിപ്പിച്ചുവെന്നും മറ്റ് പല കേസുകളിലും സമാനമായ നികുതി ഇളവ് അപേക്ഷകൾ കോടതി നിരസിച്ചെങ്കിലും ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും അഭിഭാഷകൻ വാദിച്ചു.
2021 ജൂലൈ 26ന് ജസ്റ്റിസ് എസ്.എം സുബ്രഹ്മണ്യന്‍റെ സിംഗിൾ ബെഞ്ച് ഉത്തരവ് ജസ്റ്റിസുമാരായ എം ദുരൈസ്വാമി, ആർ ഹേമലത എന്നിവരടങ്ങിയ മറ്റൊരു ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്‌തിരുന്നു. 2012ൽ ഇറക്കുമതി ചെയ്‌ത കാറിന് വിജയ് അഞ്ച് കോടി രൂപ ഇറക്കുമതി തീരുവ അടച്ചിരുന്നു. എന്നാൽ ഇതിന് പുറമെ പ്രവേശന നികുതി കൂടി വേണമെന്ന നോട്ടീസിനെതിരെയാണ് താരം ആദ്യം കോടതിയെ സമീപിച്ചത്.
Read more: തൽക്കാലം പിഴ വേണ്ടെന്ന് കോടതി ; റോൾസ് റോയ്‌സ് കേസിൽ വിജയ്‌ക്ക് ആശ്വാസം