സ്വന്തമായി രചനയും സംവിധാനവും നിർവ്വഹിച്ച് മലർവാടി ആർട്ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ വിനീത് ശ്രീനിവാസൻ സ്വതന്ത്രസംവിധായകനായപ്പോൾ നിവിൻ പോളി, ശ്രാവൺ, ഹരികൃഷ്ണൻ, ഭഗത്, അജു വർഗ്ഗീസ് എന്നിങ്ങനെ അഞ്ച് ചെറുപ്പക്കാരെ കൂടിയാണ് മലയാളസിനിമയിലേക്ക് കൈപ്പിടിച്ച് കയറ്റിയത്. ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലർവാടിയിലെ ആ പഴയ കൂട്ടുകാർ വീണ്ടുമൊന്നിക്കുകയാണ് ധ്യാൻ ശ്രീനിവാസന്റെ ‘ലവ് ആക്ഷൻ ഡ്രാമ’യിൽ.
നിവിൻ, അജു വർഗ്ഗീസ്, ഹരികൃഷ്ണൻ, ഭഗത് എന്നിവർ ‘ലവ് ആക്ഷൻ ഡ്രാമ’യുടെ ലൊക്കേഷനിൽ നിന്നെടുത്ത ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ ശ്രാവൺ ഇല്ല, അധികം വൈകാതെ ശ്രാവണും ഞങ്ങൾക്കൊപ്പം ചേരുമെന്നാണ് ഇവർ പറയുന്നത്. ഒരു നാട്ടിൻപ്പുറത്തുള്ള മലർവാടി എന്ന ആർട്സ് ക്ലബ്ബിന്റെയും അതിലെ അംഗങ്ങളായ അഞ്ച് സുഹൃത്തുക്കളുടെയും സുഹൃത്ത് ബന്ധത്തിന്‍റെ കഥ പറഞ്ഞ ചിത്രമായിരുന്നു ‘മലർവാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്’.