മൂന്ന് വർഷം മുൻപ് മഹാപ്രളയത്തെ നേരിട്ട ചെന്നൈ ഇന്ന് നേരിടുന്നത് രൂക്ഷമായ വരൾച്ചയാണ്. ജലക്ഷാമം രൂക്ഷമായതോടെ തമിഴ്നാട്ടില്‍ സ്കൂളുകളുടെയും ആശുപത്രികളുടെയും പ്രവർത്തനമടക്കം താളം തെറ്റുകയാണ്. ഈ അവസ്ഥയില്‍ തന്‍റെ ആശങ്കകൾ പങ്കുവച്ചിരിക്കുകയാണ് ഹോളിവുഡ് നടനും ഓസ്കർ ജേതാവുമായ ലിയണാർഡോ ഡികാപ്രിയോ.
മഴയ്ക്ക് മാത്രമേ ചെന്നൈയെ ഈ കൊടും വരൾച്ചയില്‍ നിന്ന് രക്ഷിക്കാനാകൂ എന്ന് ഡികാപ്രിയോ പറയുന്നു. ''വെള്ളം വറ്റിയ കിണര്‍, വെള്ളമില്ലാത്ത ഒരു നഗരം. പ്രധാനപ്പെട്ട നാല് ജലസ്രോതസ്സുകള്‍ തീര്‍ത്തും വറ്റിയതോടെ ഇന്ത്യയിലെ തെക്കേ അറ്റത്തെ പട്ടണമായ ചെന്നൈ വലിയ പ്രതിസന്ധി നേരിടുകയാണ്. ഗവണ്മെന്റ് കൊണ്ടുവരുന്ന വെള്ളം ലഭിക്കുന്നതായി ആളുകള്‍ക്ക് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. ജലക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകളും മറ്റ് സ്ഥാപനങ്ങളും അടച്ച് തുടങ്ങി, മെട്രോയില്‍ എയര്‍ കണ്ടീഷണറുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കി. അധികാരികള്‍ വെള്ളത്തിനായി മറ്റ് മാര്‍ഗങ്ങള്‍ തേടുന്നു. ഒരു ജനത മഴയ്ക്കായി പ്രാര്‍ഥിക്കുകയാണ് ഇവിടെ'- ഡികാപ്രിയോ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു. കുടിവെള്ളത്തിനായി ഒരു കിണറിന് ചുറ്റും സ്ത്രീകൾ കുടവുമായി നില്‍ക്കുന്ന ചിത്രം പങ്കുവച്ച് കൊണ്ടാണ് ഡികാപ്രിയോ തന്‍റെ വാക്കുകൾ കുറിച്ചത്.
- " class="align-text-top noRightClick twitterSection" data="
">
പരിസ്ഥിതി പ്രവർത്തകൻ കൂടിയായ ഡികാപ്രിയോ കാലാവസ്ഥ വ്യതിയാനത്തെകുറിച്ച് ഒരു ഡോക്യുമെന്‍ററി തയ്യാറാക്കുന്നതിനായി ഇന്ത്യ സന്ദർശിച്ചിരുന്നു. ഓസ്കർ ലഭിച്ച ശേഷം ഡികാപ്രിയോ വേദിയില്‍ നടത്തിയ പ്രസംഗവും പ്രകൃതി സംരക്ഷണത്തെ കുറിച്ച് ശക്തമായ സന്ദേശം നല്‍കുന്നതായിരുന്നു. അതേ സമയം, ചെന്നൈ നിവാസികൾക്ക് ആശ്വാസമായി നഗരത്തില്‍ ഇന്നലെ കനത്ത മഴ പെയ്തിരുന്നു.