ആയുഷ്‌മാന്‍ ഖുറാന നായകനാകുന്ന 'ആർട്ടിക്കിൾ 15' നെതിരെ കർണിസേനയും ബ്രാഹ്മിൺ മഹാസംഘവും രംഗത്ത്. അനുഭവ് സിൻഹ സംവിധാനം ചെയ്ത ചിത്രത്തില്‍ ബ്രാഹ്മണരെ മോശമായി ചിത്രീകരിച്ചിരിക്കുന്നു എന്ന് ആരോപിച്ചാണ് സംഘടനകൾ രംഗത്ത് വന്നിരിക്കുന്നത്.
ഇരു സംഘടനകളും ചിത്രത്തിനെതിരെ ഇന്ന് മുംബൈയില്‍ പ്രതിഷേധം നടത്തി. 'ബധൂൺ ബലാത്സംഗ കേസിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ബ്രാഹ്മണർക്ക് അതില്‍ ഒരു പങ്കുമില്ല. കുറ്റവാളികളോ ഇരകളോ ഈ സമുദായത്തിൽ പെട്ടവരല്ല. അവർ യാദവരായിരുന്നു, അവർ വിദൂരമായി പോലും ബ്രാഹ്മണസമുദായത്തിൽ പെട്ടവരല്ല, പിന്നെ എന്തിനാണ് കുറ്റവാളികളായി ഞങ്ങളുടെ പേര് ഉപയോഗിക്കുന്നത്,' അന്താരാഷ്ട്ര ബ്രാഹ്മിൺ മഹാസംഘ് പ്രതിനിധി പണ്ഡിത് പങ്കജ് ജോഷി ചോദിക്കുന്നു.
എന്നാല്‍ നിരവധി ബ്രാഹ്മണര്‍ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ടെന്നും അത് കൊണ്ട് തന്നെ ചിത്രം ബ്രാഹ്മണവിരുദ്ധമാകില്ലെന്നും സംവിധായകന്‍ അനുഭവ് സിൻഹ വ്യക്തമാക്കി. എല്ലാവരും സെന്‍സര്‍ ബോര്‍ഡിനെ അംഗീകരിച്ച് സിനിമ പുറത്തിറക്കാന്‍ സഹായിക്കണമെന്നും അനുഭവ് സിന്‍ഹ അഭ്യര്‍ത്ഥിച്ചു. നിലവില്‍ ജൂൺ ഇരുപത്തിയെട്ടിനാണ് ചിത്രത്തിന്‍റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.