എറണാകുളം: മോസ്കോ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ മലയാളി തിളക്കം. ബിരിയാണി എന്ന സിനിമയിലൂടെ മികച്ച നായികയ്ക്കുള്ള പുരസ്കാരമാണ് നടി കനി കുസൃതിക്ക് ലഭിച്ചിരിക്കുന്നത്. മോസ്കോ ചലച്ചിത്ര മേളയിൽ ആദ്യമായിട്ടാണ് ഒരു മലയാള സിനിമയ്ക്ക് അവാർഡ് ലഭിക്കുന്നത്. ബ്രിക്‌സ് വിഭാഗത്തിൽ മത്സരിച്ച രണ്ട് ഇന്ത്യൻ സിനിമകളിൽ ഒന്നായിരുന്നു ബിരിയാണി. പ്രശസ്‌ത റഷ്യൻ എഴുത്തുകാരനും, ക്യാമറാമാനും, സംവിധായകനുമായ സെർജി മാക്രിടസ്‌കി ജൂറി ചെയർമാനും, ജന്ന ടോൾസ്റ്റികോവ, സാങ് സിങ് സെങ്, മുടെമേലി മതിവ ആരോൻ എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണയിച്ചത്.
ബിരിയാണി റോമിൽ നടന്ന 20-മത് ഏഷ്യാറ്റിക് ചലച്ചിത്ര മേളയിൽ വേൾഡ് പ്രീമിയറായി പ്രദർശിപ്പിക്കുകയും അവിടുത്തെ മികച്ച സിനിമയ്ക്കുള്ള നെറ്റ്പാക്ക് അവാർഡ് കരസ്ഥമാക്കുകയും ചെയ്തു. ബെംഗലരു അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലെ ജൂറി അവാർഡ്, മികച്ച തിരക്കഥയ്ക്കുള്ള പത്മരാജൻ പുരസ്കാരം, അമേരിക്ക, ഫ്രാൻസ്, ജർമ്മനി, നേപ്പാൾ തുടങ്ങിയ വിവിധ അന്താരാഷ്‌ട്ര ചലചിത്ര മേളയുൾപടെ വിവിധ തലങ്ങളിൽ ശ്രദ്ധേയമായ അംഗീകാരം നേടിയ ചിത്രമാണ് ബിരിയാണി.
"ഒരു സ്വതന്ത്ര സിനിമയ്ക്ക് ഇന്ത്യക്ക് അപ്പുറത്തേക്കും അംഗീകാരം ലഭിക്കുന്നതിൽ കൂടുതൽ സന്തോഷം തോന്നുവെന്നും, ചെറിയ സാങ്കേതിക സഹായത്താൽ നിർമിക്കപ്പെട്ട ബിരിയാണി പോലുള്ള ഒരു സിനിമാ മറ്റു അന്താരാഷ്‌ട്ര നിലവാരങ്ങളിൽ നിർമിക്കപെടുന്ന സിനിമകളുടെ കൂട്ടത്തിൽ ഭാഗമാകുന്നതും അവയോടു മൽസരിച്ച് പല പുരസ്കാരങ്ങൾ നേടുന്നതും വളരെ സന്തോഷമാണെന്ന്" സംവിധായകൻ സജിൻ ബാബു പറഞ്ഞു. സജിൻ ബാബുന്‍റെ മൂന്നാമത്തെ സിനിമയാണ് 'ബിരിയാണി'. അസ്‌തമയം വരെ, അയാൾ ശശി, ബിരിയാണി തുടങ്ങിയവയാണ് സജിന്‍റെ സിനിമകൾ. കടൽ തീരത്ത് താമസിക്കുന്ന കദീജയുടെയും ഉമ്മയുടെയും ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങൾ കാരണം നാടുവിടേണ്ടി വരുകയും അതിനു ശേഷമുള്ള യാത്രയുമാണ് സിനിമയുടെ പ്രമേയം. കദീജയായി കനി കുസൃതിയും ഉമ്മയായി ശൈലജയുമാണ് അഭിനയിക്കുന്നത്.
യുഎഎൻ ഫിലിം ഹൗസിന്‍റെ ബാനറിൽ നിർമിച്ചിരിക്കുന്ന ഈ സിനിമയുടെ രചനയും സംവിധാനവും സജിൻ ബാബുവാണ്. കാർത്തിക് മുത്തുകുമാരാണ് ഛായാഗ്രാഹകൻ, അപ്പു ഭട്ടതിരിയാണ് എഡിറ്റിംഗ് നിർവ്വഹിചിരിക്കുന്നത്. ലിയോ ടോമാണ് സംഗീതം. നിതീഷ് ചന്ദ്രയാണ് കലാ സംവിധാനം ചെയ്തിരിക്കുന്നത്. സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട്, ശ്യാം റെജി, തോന്നയ്ക്കൽ ജയചന്ദ്രൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ.