തിരുവനന്തപുരം: ജോജു ജോർജ് നായകനായി അഖിൽ മാരാർ സംവിധാനം ചെയ്‌ത രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമ ഒരു താത്വിക അവലോകനം ഡിസംബർ 3ന് തിയേറ്ററുകളിലെത്തും. ആനുകാലിക രാഷട്രീയ സംഭവ വികാസങ്ങളെ നർമത്തിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. തിരക്കഥയും അഖിൽ മാരാർ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
രാഷ്ട്രീയ ഇടപെടലുകളെ അതിജീവിക്കാൻ പോരാടുന്ന ശങ്കർ എന്ന കരാറുകാരൻ്റെ വേഷമാണ് ചിത്രത്തിൽ ജോജു അവതരിപ്പിക്കുന്നത്. അടുത്തിടെ ജോജുവിൻ്റെ പ്രതിഷേധത്തെ തുടർന്ന് വിവാദമായ വഴിതടയൽ സമരത്തോട് സാമ്യമുള്ള സംഭവങ്ങൾ ചിത്രത്തിലുണ്ടെന്ന സൂചനയാണ് സംവിധായകൻ നൽകുന്നത്. ആക്ഷേപഹാസ്യത്തോടൊപ്പം സ്‌പൂഫും ചേർന്നതാണ് അവതരണ രീതി.
മണിയൻപിള്ള രാജുവിൻ്റെ മകൻ നിരഞ്ജൻ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചുറ്റുപാടുമുള്ള ജീവിതത്തെ സാധാരണക്കാരന് വേഗം ബന്ധപ്പെടുത്താവുന്ന തരത്തിലാവും സിനിമ പ്രേക്ഷകർക്കു മുന്നിലേക്കെത്തുകയെന്ന് അഖിൽ മാരാർ പറഞ്ഞു.
ചിത്രത്തിലെ 'ആന പോലൊരു വണ്ടി' എന്ന ഗാനം യൂട്യൂബിൽ തരംഗമായിരുന്നു. ടീസറുകൾക്കും മികച്ച പ്രതികരണം ലഭിച്ചിരുന്നു. അഭിരാമി, അജു വർഗീസ്, ഷമ്മി തിലകൻ,ജയകൃഷ്‌ണൻ, മാമുക്കോയ, പ്രേം കുമാർ, മേജർ രവി തുടങ്ങി താര നിരയും ചിത്രത്തിൽ അണിനിരക്കുന്നു.
Also Read: വിജയ് സേതുപതിയെ ആക്രമിച്ചയാള്‍ പിടിയില്‍; പ്രതി മലയാളി