ഇന്ത്യൻ സിനിമയില്‍ വേറിട്ട വഴി വെട്ടിത്തെളിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. മലയാള സിനിമക്ക് ഓസ്കാർ ലഭിക്കുകയാണെങ്കില്‍ അത് ലിജോയിലൂടെയായിരിക്കുമെന്ന് പ്രശസ്ത സംവിധായകൻ ടി കെ രാജീവ് കുമാർ ഒരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു. ലിജോയുടെ ഏറ്റവും പുതിയ ചിത്രമായ ജല്ലിക്കെട്ടിനെ കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നിരിക്കുന്ന ചര്‍ച്ചകളും ഇന്നലെ പുറത്തിറങ്ങിയ ടീസറും ഈ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.
ടൊറന്‍റെ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ മികച്ച അഭിപ്രായം നേടിയ സിനിമ ഓസ്‌കര്‍ നോമിനേഷന്‍ നേടുമെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇന്നലെ ചിത്രത്തിന്‍റെ ടീസര്‍ അണിയറപ്രവർത്തകർ പുറത്തിവിട്ടത്. നൂറ് കണക്കിന് ചിത്രങ്ങളാണ് ടൊറന്‍റോ മേളയില്‍ ഹൊറർ സൈൻസ് ഫിക്ഷൻ വിഭാഗത്തില്‍ പ്രദർശനത്തിനെത്തിയത്. അതില്‍ മികച്ച പത്ത് സിനിമകളുടെ പട്ടികയില്‍ ജല്ലിക്കെട്ട് ഇടം നേടിയത് മലയാള സിനിമക്ക് എന്നെന്നും അഭിമാനിക്കാവുന്ന നേട്ടമാണ്. മാഡ് മാക്സ് ഫ്യുറി റോഡ്, സ്പീല്‍ ബര്‍ഗിന്‍റെ ജോസ് എന്നീ സിനിമകളുമായി അവതരണ ശൈലിയില്‍ താരതമ്യം ചെയ്താണ് ജല്ലിക്കെട്ടിനെ ചില പ്രധാന നിരൂപകര്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു സിനിമക്ക് ഓസ്‌കര്‍, ഗോള്‍ഡന്‍ ഗ്ലോബ് പോലുള്ള പുരസ്‌കാരത്തിന് മത്സരിക്കാനുള്ള ആദ്യത്തെ ചുവടുവയ്പ്പാണ് ടൊറന്‍റോ ഫിലിം ഫെസ്റ്റിവല്‍. മേളയിലെത്തിയ പ്രേക്ഷകർക്ക് ഈ വർഷത്തെ സവിശേഷമായ സിനിമാ അനുഭവം സമ്മാനിച്ച ജല്ലിക്കെട്ട് മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കറും ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവുമൊക്കെ കരസ്ഥമാക്കുമോ എന്നത് നമുക്ക് കണ്ടറിയാം.