അമേരിക്കയിലെ സിൻസിനാറ്റിയില്‍ നടന്ന 'ഇന്ത്യൻ ഫിലിം ഫെസ്റ്റിവല്‍ ഓഫ് സിൻസിനാറ്റി'യില്‍ ജയസൂര്യ മികച്ച നടൻ. 'ഞാൻ മേരിക്കുട്ടി' എന്ന ചിത്രത്തിലെ പ്രകടനമാണ് ജയസൂര്യയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ഈ നേട്ടം വലിയൊരു അംഗീകാരമായി കാണുന്നുവെന്നും തന്‍റെ സിനിമാജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു മേരിക്കുട്ടിയെന്നും ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു.
താരത്തെ അഭിനന്ദിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ ഉൾപ്പടെ നിരവധി പേർ രംഗത്തെത്തി. 'അമേരിക്കയിൽ നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ സിൻസിനാറ്റിയിൽ മികച്ച നടനുള്ള പുരസ്‌കാരം നേടിയ ജയസൂര്യക്ക് അഭിനന്ദനം. 2018 ൽ പുറത്തിറങ്ങിയ ഈ സിനിമക്ക് ആദ്യമായി പുരസ്‌കാരം നൽകിയത് കേരള സർക്കാരാണ്. സംസ്ഥാന സർക്കാരിന്‍റെ മികച്ച നടനുള്ള ചലച്ചിത്ര പുരസ്‌കാരവും ജയസൂര്യയ്ക്ക് നൽകി. ചിത്രത്തിൽ മേരിക്കുട്ടി എന്ന ട്രാൻസ്‌സെക്ഷ്വൽ കഥാപാത്രത്തെ വളരെ മികവോടെയാണ് ജയസൂര്യ അവതരിപ്പിച്ചത്. ഒട്ടനവധി അംഗീകാരങ്ങൾ ജയസൂര്യ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ഇതാ, അന്താരാഷ്ട്ര അംഗീകാരം കൂടി നേടിയിരിക്കുന്നു. ജയാ, താങ്കൾക്ക് സല്യൂട്ട്!', മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
തെക്കേ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പ്രചോദനമേകുക എന്ന ഉദ്ദേശത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. സാമൂഹിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രങ്ങള്‍ക്കാണ് മേളയില്‍ മുന്‍തൂക്കം നല്‍കുന്നത്. ഇന്ത്യയില്‍ നിന്ന് അഞ്ഞൂറോളം സിനിമകളാണ് മത്സരിച്ചത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച സിനിമകളും മത്സരത്തിനുണ്ടായിരുന്നു.