ബോളിവുഡ് സൂപ്പർതാരം ഹൃത്വിക് റോഷൻ്റെ ജീവിതകഥ പുസ്തകമാകുന്നു. ബെൻ ബ്രൂക്ക്സ് എഴുതുന്ന 'സ്റ്റോറീസ് ഫോർ ബോയ്സ് ഹു ഡെയർ റ്റു ബി ഡിഫറൻ്റ്' എന്ന പുസ്തകത്തിൽ ഹൃത്വിക് ജീവിത്തതിൽ നേരിട്ട പ്രതിസന്ധികളാണ് പ്രതിപാദിക്കുന്നത്. ബീത്തോവൻ, ബരാക് ഒബാമ, ഫ്രാങ്ക് ഓഷ്യൻ തുടങ്ങിയ പ്രമുഖരുടെ ജീവിതകഥകളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹൃത്വിക് നടനാകാന്‍ തീരുമാനിക്കുന്ന ആറ് വയസ് മുതലുള്ള കാര്യമാണ് പുസ്തകത്തിലുള്ളത്. ബാല്യകാലത്ത് തന്നെ അലട്ടിയ ശാരീരിക പ്രശ്നങ്ങളെപ്പറ്റിയും പറയുന്നുണ്ട്. വിക്കും നട്ടെല്ലിനെ ബാധിക്കുന്ന സ്കോളിയോസിക് എന്ന് രോഗവും നന്നേ ചെറുപ്പത്തിലെ ഹൃത്വിക്കിനുണ്ടായിരുന്നു. ആരോഗ്യപരമായ ബുദ്ധിമുട്ടുകളൊക്കെ മറികടന്ന് സിനിമാലോകത്തെ മിന്നുംതാരമാകുന്ന ഹൃത്വിക്കിൻ്റെ കഥയാണ് പുസ്തകത്തില്‍ പറയുന്നത്.
സന്തോഷത്തോടെയുള്ള ഞെട്ടല്‍ എന്നാണ് പുസ്തകം കണ്ടപ്പോള്‍ ഹൃത്വിക് പറഞ്ഞത്. ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണ് ഇതെന്നും ഹൃത്വിക് പറയുന്നു. അതേസമയം 'സൂപ്പര്‍ 30' എന്ന സിനിമയാണ് ഹൃത്വിക് റോഷൻ്റേതായി ഉടന്‍ റിലീസിന് ഒരുങ്ങുന്നത്. ഗണിതശാസ്ത്രഞ്ജനായ ആനന്ദ് കുമാറായാണ് ഹൃത്വിക് റോഷന്‍ ചിത്രത്തിലെത്തുന്നത്.