കൊച്ചി: മലയാള സിനിമയിലെ വനിതാ സംഘടനയായ വിമൻ ഇൻ സിനിമ കളക്ടീവിനെ (ഡബ്ല്യുസിസി) പ്രശംസിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. രണ്ട് വര്‍ഷത്തെ പോരാട്ടം സിനിമാ മേഖലയില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കിയെന്ന് കെ കെ ശൈലജ പറഞ്ഞു. ഡബ്ല്യുസിസിയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് എറണാകുളം സെൻ്റ് തെരേസാസ് കോളജില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വിവിധ മേഖലകളില്‍നിന്ന് ഒരേസമയം പോരാടിയാല്‍ മാത്രമേ സ്ത്രീപക്ഷ മുന്നേറ്റങ്ങള്‍ വിജയം കാണൂ. ഇത്തരം സംഘടനകളെ എല്ലാക്കാലവും അടിച്ചമർത്താൻ ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഡബ്ല്യുസിസിക്ക് എതിരെയും അത്തരം ശ്രമങ്ങളുണ്ടായി. സമൂഹത്തിൽ തുല്യത ആഗ്രഹിക്കുന്നവർ ഡബ്ല്യുസിസിക്ക് ഒപ്പമാണ്. സ്വന്തമായി വ്യക്തിത്വം ഉണ്ടാക്കിയെടുത്ത പ്രസ്ഥാനമാണിത്. സിനിമാ മേഖലയിൽ ഡബ്ല്യുസിസിയുടെ പ്രവർത്തനം ഇനിയും തുടരണമെന്നും മന്ത്രി പറഞ്ഞു.
ലിംഗനീതി ഉള്‍പ്പെടെ ഭരണഘടന ഉറപ്പുതരുന്ന അവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നതെന്ന് മന്ത്രി ഓര്‍മിച്ചിച്ചു. കുട്ടികള്‍ക്കെതിരായ അതിക്രമം വ്യാപകമായ സാഹചര്യത്തില്‍ ബോധവല്‍ക്കരണ പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കമിടുമെന്നും സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ പരാതിപരിഹാര സെല്‍ രൂപീകരിക്കണമെന്ന നിര്‍ദേശം വൈകാതെ പൂര്‍ണമായും നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ഡബ്ല്യുസിസി ഉയർത്തിയ പ്രശ്നങ്ങൾ ഇന്നും പരിഹരിച്ചിട്ടില്ലെന്നും അമ്മ അടക്കമുള്ള സംഘടനകൾക്ക് വിവിധ പരാതികൾ നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും നടി രേവതി പറഞ്ഞു. തമിഴ് സംവിധായകൻ പാ രഞ്ജിത്ത് ചടങ്ങിൽ മുഖ്യാതിഥിയായി. സംവിധായകൻ ഡോ. ബിജു, തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ, ബോളിവുഡ് നടി സ്വര ഭാസ്കർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.