തിരുവനന്തപുരം : ഭാവാഭിനയ തീവ്രത കൊണ്ട് മലയാള സിനിമ ലോകത്ത് സ്വന്തമായ ഇടവും ഇരിപ്പിടവും ഉറപ്പിച്ച മഹാനടന്‍ നെടുമുടി വേണു വിടവാങ്ങി. 73 വയസായിരുന്നു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ഞായറാഴ്ച പ്രവേശിപ്പിച്ച നെടുമുടിയുടെ നില അതീവ ഗുരുതരമായി തുടര്‍ന്നു വരികയായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അന്ത്യം. കൊവിഡ് ബാധിതനായി രോഗമുക്തി നേടിയ ശേഷമാണ് പെട്ടെന്ന് രോഗബാധിതനാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തത്. രണ്ട് ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതു മുതല്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഉദര രോഗത്തിന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. മലയാള സിനിമയിലെ സ്വഭാവ നടനായും നാടക, കലാ പ്രവര്‍ത്തകന്‍ എന്ന നിലയിലും ശ്രദ്ധേയനായ നെടുമുടി വേണു 1948 മെയ് 22 ന് ആലപ്പുഴ ജില്ലയിലെ നെടുമുടിയല്‍ പി.കെ കേശവന്‍പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും മകനായി ജനിച്ചു.
സിനിമയിലെത്തിച്ചത് അരവിന്ദനുമായുള്ള അടുപ്പം
കെ. വേണുഗോപാലന്‍ നായര്‍ എന്ന പേരിനെ അഭ്രപാളികളിലെ അഭിനയത്തിളക്കത്തിലൂടെ ജനിച്ച നാടിനെ സ്വന്തം പേരിനൊപ്പം ചേര്‍ത്തുവച്ചു മലയാളികളുടെ പ്രിയപ്പെട്ട നെടുമുടി വേണുവായും നെടുമുടിയായും തിളങ്ങി. നാടക രംഗത്തു പ്രവര്‍ത്തിക്കുന്നതിനിടെ കലാകൗമുദി വാരികയില്‍ ലേഖകനായി ചേര്‍ന്നു. ഈ സമയത്ത് പ്രമുഖ സംവിധായകന്‍ അരവിന്ദനുമായുള്ള അടുപ്പം നെടുമുടി വേണുവിന് സിനിമയിലേക്കുള്ള വഴി തുറന്നു കൊടുത്തു.
1978 ല്‍ അരവിന്ദന്‍ സംവിധാനം ചെയ്‌ത തമ്പ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചു. ഭരതന്‍റെ ആരവം, പത്മരാജന്‍റെ ഒരിടത്തൊരു ഫയല്‍വാന്‍ എന്നീ ചിത്രങ്ങളിലെ നെടുമുടിയുടെ കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ മനസില്‍ ഇടം നേടി. പിന്നീട് മലയാള സിനിമയിലെ തിരക്കുള്ള നടനായി നെടുമുടി മാറുകയായിരുന്നു.
സംഭാഷണത്തിലെ സ്വാഭാവികത, അഭിനയത്തിലെ തന്‍മയത്വവും വ്യതിരിക്തതയും നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക് പ്രേക്ഷക മനസില്‍ പ്രത്യേക സ്ഥാനം നേടിക്കൊടുത്തു.
എട്ടു ചിത്രങ്ങള്‍ക്ക് കഥയെഴുതി
വിടപറയും മുന്‍പേ, തേനും വയമ്പും, പാളങ്ങള്‍, കള്ളന്‍ പവിത്രന്‍, ആലോലം, അപ്പുണ്ണി, ഹിസ് ഹൈനസ് അബ്‌ദുള്ള, ഭരതം എന്നീ സിനിമകളില്‍ ശക്തമായ കഥാപാത്രങ്ങളെ നെടുമുടി മികവുറ്റതാക്കി. 500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സംവിധാനം തുടങ്ങി എട്ടു ചിത്രങ്ങള്‍ക്ക് കഥയെഴുതി. പൂരം എന്ന സിനിമ സംവിധാനം ചെയ്‌തു.
1991 ല്‍ ഹിസ് ഹൈനസ് അബ്‌ദുള്ള എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. 2004ല്‍ ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹനായി. 1981, 1987, 2003 വര്‍ഷങ്ങളില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥി കാലഘട്ടം മുതല്‍ തന്നെ കലാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
ആലപ്പുഴ എസ്.ഡി കോളജില്‍ നിന്ന് ബിരുദം നേടി പാരലല്‍ കോളജ് അധ്യാപകനായും കുറച്ചുനാള്‍ പ്രവര്‍ത്തിച്ചു.
നെടുമുടി വേണുവിന്‍റെ നിര്യാണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, സ്‌പീക്കര്‍ എം.ബി രാജേഷ്, സാസ്‌കാരിക മന്ത്രി സജി ചെറിയാന്‍, കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
ALSO READ: ഉത്ര വധക്കേസ് : ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി മറ്റന്നാള്‍