ദുൽഖർ സൽമാൻ നായകനാകുന്ന ‘കുറുപ്പ്’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ദുൽഖറിന്‍റെ ആദ്യ ചിത്രമായ 'സെക്കൻഡ് ഷോ'യുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ പൂജ ഇന്നലെ പാലക്കാട് വെച്ച് നടന്നു.
- " class="align-text-top noRightClick twitterSection" data="">
വർഷങ്ങളായി കേരളം തിരയുന്ന പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്‍റെ വേഷത്തിലാണ് ദുൽഖർ ചിത്രത്തിലെത്തുന്നത്. വേഫെയറർ ഫിലിംസിന്‍റെ ബാനറിൽ ദുൽഖർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഡാനിയേല്‍ സായൂജ് നായർ, കെ എസ് അരവിന്ദ് എന്നിവരാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത് സുഷിൻ ശ്യാം ആണ്. ദേശീയ പുരസ്കാര ജേതാവ് വിനേഷ് ബംഗ്ലാനാണ് കലാസംവിധാനം. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദുല്‍ഖർ സല്‍മാന് പിറന്നാൾ സമ്മാനമായി അണിയറപ്രവർത്തകർ റിലീസ് ചെയ്തിരുന്നു.
1984ല്‍ ജനുവരി 22ന് സംഭവിച്ച ചാക്കോ വധക്കേസിലെ പ്രധാനപ്രതിയാണ് സുകുമാരക്കുറുപ്പ്. ഫിലിം റെപ്രസന്‍റേറ്റീവായിരുന്ന ചാക്കോയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറില്‍ വെച്ച് കത്തിക്കുകയായിരുന്നു. സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ചാക്കോയെ കൊലപ്പെടുത്തി തന്‍റെ തന്നെ മരണമാണെന്ന് കാണിക്കാനാണ് സുകുമാരക്കുറുപ്പ് ശ്രമിച്ചതെന്ന് പറയപ്പെടുന്നു. കുറ്റകൃത്യം നടക്കുമ്പോള്‍ 38 വയസ്സായിരുന്നു സുകുമാരക്കുറുപ്പിന്‍റെ പ്രായം. ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ കേരളചരിത്രത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിക്ക് 71 വയസ്സുണ്ടാവും.