ഇന്ത്യയുടെ അഭിമാനതാരം പിടി ഉഷയുടെ ജീവിതം സിനിമയാകുന്നു എന്ന വാർത്ത പുറത്തുവന്നതോടെ ഉഷയായി ആര് സ്ക്രീനിൽ എത്തുമെന്നുള്ളതിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ആദ്യം പ്രിയങ്ക ചോപ്രയാണ് പ്രധാന വേഷത്തിലെത്തുന്നത് എന്ന് വാർത്തകൾ വന്നെങ്കിലും പിന്നീട് പ്രിയങ്കയെ മാറ്റി കത്രീന കൈഫിനെ എടുത്തുവെന്നും കേട്ടിരുന്നു.
പിന്നീട് കത്രീനയ്ക്ക് കഥാപാത്രം ചെയ്ത് ഫലിപ്പിക്കാനാവുമോ എന്നുവരെയായി ചര്‍ച്ചകള്‍. കത്രീനയെ കാസ്റ്റ് ചെയ്തതിൽ ഇഷ്ടക്കേട് അറിയിച്ചും നിരവധിപേർ രംഗത്തെത്തി. എന്നാലിപ്പോൾ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ചിത്രത്തിൻ്റെ സംവിധായിക രേവതി എസ് വര്‍മ്മ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ചിത്രത്തിലെ നായികയെ ഇനിയും തീരുമാനിച്ചിട്ടില്ലെന്നാണ് രേവതി പറയുന്നത്. ചിത്രത്തെക്കുറിച്ച് ഇത്തരത്തിലുള്ള വിവരങ്ങളൊന്നും പറയാനുള്ള സമയമായിട്ടില്ലെന്നും ചര്‍ച്ച ചെയ്യപ്പെടുന്നതെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണെന്നും രേവതി വ്യക്തമാക്കി. 'സിനിമ ഇപ്പോഴും ഒരു പ്രിമെച്ച്വർ സ്റ്റേജിലാണ്. ചിത്രത്തിൻ്റെ മാര്‍ക്കറ്റിങ്, ക്രിയേറ്റീവ് തലങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പോലും തുടങ്ങിയിട്ടേയുള്ളു', രേവതി എസ് വർമ്മ വ്യക്തമാക്കി.