ആവണംകോട് സരസ്വതീക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടൻ ദിലീപും കാവ്യ മാധവനും. നവരാത്രി മഹോത്സവത്തിന്‍റെ ഭാഗമായാണ് ഇരുവരും ക്ഷേത്രത്തില്‍ എത്തിയത്. കഴിഞ്ഞ ദിവസം ആരംഭിച്ച നവരാത്രി മഹോത്സവത്തിന്‍റെ ഉദ്ഘാടനം ദിലീപ് നിർവഹിച്ചു. പത്ത് ദിവസം നീണ്ട് നിൽക്കുന്ന മഹോത്സവം അടുത്തമാസം എട്ടിന് സമാപിക്കും.
- " class="align-text-top noRightClick twitterSection" data="">
ദിലീപിനെ സംബന്ധിച്ച് ആവണംകോട് സരസ്വതി ക്ഷേത്രത്തിന് ഏറെ പ്രത്യേകതയുണ്ട്. ബാല്യകാലത്ത് വീടിന് സമീപത്തുള്ള ഈ ക്ഷേത്രത്തിലായിരുന്നു താരം പുസ്‌തകം പൂജക്ക് വച്ചിരുന്നത്. താരദമ്പതികൾ ക്ഷേത്രദർശനം നടത്തുന്നതിന്‍റെ വീഡിയോ ഹരി പത്തനാപുരമാണ് യൂട്യൂബിലൂടെ പങ്കുവച്ചിരിക്കുന്നത്.
'ദിലീപിന്‍റെ ബാല്യകാലത്ത് പുസ്തകങ്ങൾ പൂജക്ക് വയ്ക്കാനായി ഇവിടെയായിരുന്നു എത്തിയിരുന്നത്. വളരെ പ്രസിദ്ധമായ സരസ്വതി ക്ഷേത്രമാണ് നെടുമ്പാശേരി ആവണംകോട് ക്ഷേത്രം. ദിലീപും കാവ്യാ മാധവനും ഈ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച് വഴിപാടുകൾ നടത്തി. വിജയദശമി ദിവസം ഇവിടെ പ്രഗത്ഭരായ ആളുകൾ കുട്ടികളെ എഴുത്തിനിരുത്തും. മിക്കവാറും ഈ ക്ഷേത്രത്തിൽ എഴുത്തിനിരുത്താൻ ഞാനും ഉണ്ടാകും'- വീഡിയോക്കൊപ്പം ഹരി കുറിച്ചു. ആവണംകോട് സരസ്വതീക്ഷേത്രത്തിൽ പോയി നാവിന്‍റെ രൂപം, മണി, നാരായം എന്നിവ നടയ്ക്ക് വച്ചാൽ കുട്ടികൾ സ്ഫുടമായി സംസാരിക്കുകയും നന്നായി പഠിക്കുകയും നല്ല കയ്യക്ഷരം ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.