തല അജിത്ത് നായകനായി എത്തിയ പുതിയ ചിത്രം ‘നേര്‍ക്കൊണ്ട പാര്‍വൈ’യ്ക്ക് ചില നിരൂപകര്‍ നല്‍കിയ സ്ത്രീ വിരുദ്ധ റിവ്യൂവിനെതിരെ ആരാധകരും താരങ്ങളും രംഗത്ത്. തമിഴ് സിനിമാ നിരൂപകരായ ആര്‍.എസ്. ആനന്ദം, ജെ. ബിസ്മി, സി. ശക്തിവേല്‍ എന്നിവരുടെ നിരൂപണമാണ് പ്രതിഷേധങ്ങൾക്ക് വഴിവച്ചിരിക്കുന്നത്.
അമിതാഭ് ബച്ചന്‍ നായകനായ ഹിന്ദി ചിത്രം ‘പിങ്കിന്‍റെ’ തമിഴ് റീമേക്കാണ് ‘നേര്‍ക്കൊണ്ട പാര്‍വൈ’. സ്ത്രീപക്ഷ സിനിമയില്‍ സ്ത്രീയുടെ സമ്മതത്തെ കുറിച്ചും ‘നോ’ പറയാനുള്ള അവകാശത്തെ കുറിച്ചുമാണ് പറയുന്നത്. എന്നാല്‍ ചിത്രത്തിലെ സ്ത്രീകഥാപാത്രങ്ങളുടെ വസ്ത്രധാരണ രീതിയും പുരോഗമന ചിന്താഗതിയുമാണ് പുരുഷന്മാരെ പീഡിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് നിരൂപകര്‍ നടത്തുന്ന വിവാദ വിശകലനം.
'ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങൾ അപ്പര്‍ ക്ലാസ് പെണ്ണുങ്ങളാണ്. പബ്ബില്‍ പോകുന്നു, മദ്യപിക്കുന്നു. 19-ാം വയസില്‍ തന്നെ ആദ്യ സെക്‌സ്, പിന്നീട് രണ്ട് പേരുമായും സെക്‌സിലേര്‍പ്പെടുന്നു. ഈ പെണ്ണുങ്ങളെ കുറിച്ച് ഇതൊക്കെ അറിയുമ്പോള്‍ നമുക്ക് തോന്നുക അവര്‍ക്ക് എന്ത് സംഭവിച്ചാലും എന്താ എന്നാകും,' ആനന്ദം പറയുന്നു. അവരുടെ ജീവിത രീതി പരിഗണിക്കുമ്പോള്‍ അവര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ ഒട്ടും വിഷമമില്ലെന്നാണ് ആനന്ദം പറയുന്നത്. 'നോര്‍ത്തില്‍ പെണ്‍കുട്ടികള്‍ പുറത്ത് പോകുന്നതും മദ്യപിക്കുന്നതുമൊക്കെ സാധാരണമാണ്. തമിഴ് സംസ്‌കാരവും തമിഴ് ജീവിത രീതിയും അനുസരിച്ച് ഇതെല്ലാം അപരിചിതമാണ്,” എന്നായിരുന്നു മറ്റൊരി നിരൂപകനായ ബിസ്മിയുടെ വാക്കുകള്‍.
റിവ്യൂവിനെതിരെ നിരവധി താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ”ഇവരെയൊന്നും മാധ്യമപ്രവർത്തകരെന്ന് വിളിക്കരുത്. യഥാര്‍ത്ഥ ജേണലിസ്റ്റുകള്‍ ഒരുമിച്ച് നില്‍ക്കണം,” എന്നായിരുന്നു നടൻ സിദ്ധാര്‍ത്ഥിന്‍റെ ട്വീറ്റ്. ”സത്യസന്ധരായ മാധ്യമപ്രവര്‍ത്തകരേയും ക്ലിക്കിന് വേണ്ടി എന്തും ചെയ്യുന്നവരേയും സിനിമാ മേഖല തന്നെ തിരിച്ചറിയണം. ഗോസിപ്പുകളെ ഇല്ലാതാക്കാന്‍ കഴിയില്ല, പക്ഷേ അവയ്‌ക്കെതിരെ പോരാടാനാകുമെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. വരലക്ഷ്മി ശരത് കുമാർ, ചിന്മയി ശ്രീപഥ തുടങ്ങിയവരും ചിത്രത്തിന് പിന്തുണയുമായെത്തിയിട്ടുണ്ട്.