അവഞ്ചേഴ്സ് സീരിസിലെ 'തോർ' എന്ന കഥാപാത്രമായി ലോകമെമ്പാടുമുളള സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് ക്രിസ് ഹെംസ്‌വേര്‍ത്ത്. ക്രിസിന്‍റെയും സ്പാനിഷ് മോഡല്‍ എല്‍സ പട്ടാസ്കിയുടെയും മൂന്ന് മക്കളില്‍ മൂത്ത കുട്ടിയാണ് ഇന്ത്യ റോസ് ഹെംസ്‌വേര്‍ത്ത്. മകൾക്ക് 'ഇന്ത്യ' എന്ന് പേരിടാനുള്ള കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് താരമിപ്പോൾ.
'എന്‍റെ ഭാര്യ എല്‍സ ഒരുപാട് കാലം ഇന്ത്യയില്‍ ജീവിച്ചിട്ടുണ്ട്. അങ്ങനെയാണ് ഈ പേരിനെ കുറിച്ച് ആലോചിക്കുന്നത്. എനിക്ക് ഇന്ത്യയെയും ഇവിടുത്ത ആളുകളെയും ഇഷ്ടമാണ്. ഒരിക്കല്‍ സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഇവിടെ എത്തിയപ്പോള്‍ പ്രതീക്ഷിക്കാത്ത തരത്തിലുളള വലിയ ജനക്കൂട്ടത്തെയാണ് കണ്ടത്. അങ്ങനെയൊരു അനുഭവം എനിക്ക് മുമ്പ് ഉണ്ടായിട്ടില്ല. ഇവിടെ ഒരു സ്‌റ്റേഡിയത്തില്‍ ഷൂട്ടിങ് ഉണ്ടായിരുന്നു. സംവിധായകന്‍ കട്ട് പറയുമ്പോള്‍ ജനങ്ങളുടെ ആര്‍പ്പുവിളികള്‍ ഞാന്‍ കേട്ടു. ആ സമയത്ത് ഞാനൊരു റോക്ക്‌സ്റ്റാര്‍ ആണെന്ന് തോന്നി. അവരുടെ ദൈനംദിന പ്രവര്‍ത്തികള്‍ക്കിടയിലും ഞങ്ങള്‍ക്ക് നല്‍കിയ പിന്തുണ വളരെ വലുതായിരുന്നു. ഇവിടത്തെ ജനങ്ങള്‍ വളരെ പോസിറ്റീവാണ്', ക്രിസ് പറഞ്ഞു. ഐഎഎൻഎസിന് നല്‍കിയ അഭിമുഖത്തിലായിയിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തല്‍.
മെൻ ഇൻ ബ്ലാക്ക് ഫ്രാഞ്ചൈസിയുടെ മെൻ ഇൻ ബ്ലാക്ക് ഇന്‍റർനാഷണലിന്‍റെ പ്രചരണ പരിപാടിക്കായാണ് ക്രിസ് ഇന്ത്യയില്‍ എത്തിയത്. സോണി പിക്ചേഴ്സ് എന്‍റർടെയ്ൻമെന്‍റ്സാണ് ചിത്രം ഇന്ത്യയില്‍ പുറത്തിറക്കുന്നത്.