നടി മീരാ ജാസ്മിനൊപ്പമുള്ള ചിത്രം പങ്കുവച്ചതിനെ തെറ്റായി വ്യാഖ്യാനിച്ചവർക്ക് ചുട്ട മറുപടിയുമായി സംവിധായകൻ അരുൺ ഗോപി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടിയെയും തന്നെയും ചേർത്തുള്ള വ്യാജ വാർത്തകൾക്കെതിരെ അരുൺ ഗോപി അമർഷം രേഖപ്പെടുത്തിയത്.
മീരാ ജാസ്മിൻ വിവാഹമോചിതയായെന്നും അരുൺ ഗോപിക്കൊപ്പമാണ് ഇനിയെന്ന തരത്തിലായിരുന്നു ചിലർ ഓൺലൈൻ മാധ്യമങ്ങൾ ചിത്രത്തെ വ്യാഖ്യാനിച്ചത്. സമൂഹ മാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടയിലാണ് അരുൺ ഗോപി മറുപടിയുമായി എത്തിയത്. ഒരു ഓൺലൈൻ മാധ്യമത്തില്‍ വന്ന വാർത്തയുെട സ്ക്രീൻഷോട്ട് സഹിതമായിരുന്നു സംവിധായകന്‍റെ കുറിപ്പ്.
''ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവയ്ക്കാൻ പറ്റാത്ത ലോകം ആകുകയാണോ ഇത്. ഇല്ലാകഥകളില്‍ ഇക്കിളി ചേർത്ത് ഉണ്ടാക്കിയല്ല ജീവിത മാർഗം കണ്ടത്തേണ്ടത്. ഇത്തരം ഓണ്‍ലൈന്‍ സൈറ്റുകളില്‍ ജീവിക്കുന്നത് കൊണ്ട് സൗഹൃദം എന്ന വാക്കിന്‍റെ അര്‍ഥം അറിയാന്‍ പാടില്ല എന്നൊരു നിര്‍ബന്ധം കൊണ്ടുനടക്കരുത്..!! നല്ല സുഹൃത്തുക്കളെ ചേർത്ത് പിടിക്കുക തന്നെ ചെയ്യും. അത് ആണായാലും പെണ്ണായാലും'', അരുൺ ഗോപി കുറിച്ചു.