പ്രേതം, സൺഡേ ഹോളിഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ശ്രുതി രാമചന്ദ്രൻ. തിരക്കഥാകൃത്തായ ഫ്രാൻസിസ് തോമസാണ് ശ്രുതിയുടെ ഭർത്താവ്. ഭാര്യയുടെ കഴിഞ്ഞ പിറന്നാളിന് ഫ്രാൻസിസ് നല്‍കിയത് സ്വന്തമായി എഴുതിയ ഒരു കഥയായിരുന്നു.
ആ കഥയാണ് ഇപ്പോൾ ജയസൂര്യയെ നായകനാക്കി പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന 'അന്വേഷണം' എന്ന ചിത്രം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. 'ശ്രുതിയുടെ കഴിഞ്ഞ ജന്മദിനത്തിന് അവള്‍ക്കായി ഞാനൊരു സ്‌ക്രിപ്റ്റ് എഴുതി നല്‍കിയിരുന്നു. അതിന് ശേഷം ചില മാജിക്കല്‍ മനുഷ്യന്മാര്‍ ഒരുമിച്ചെത്തി പേപ്പറിലെ വാക്കുകളെ സിനിമയാക്കുകയാണ്. എന്‍റെ മുറിഞ്ഞതും മോശം രീതിയില്‍ പറഞ്ഞതുമായ കഥ ശ്രദ്ധിച്ച് ഈ പ്രോജക്ടിന് ജീവന്‍ കൊടുത്തതിന് ജയസൂര്യക്ക് ഒത്തിരി നന്ദി', ഫ്രാൻസിസ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
ഭാര്യയ്ക്ക് ജന്മദിന സമ്മാനമായി ഒരുക്കിയ കഥ സിനിമയാവുമ്പോള്‍ ആ ചിത്രത്തില്‍ നായികയാവുന്നതും ഭാര്യയാണെന്നുള്ളതാണ് ശ്രദ്ധേയം. 'പത്ത് മാസം മുന്‍പാണ് ജയസൂര്യയോട് ഫ്രാന്‍സിസ് ഈ കഥ പറഞ്ഞത്. ഫ്രാന്‍സിസിനെയോര്‍ത്ത് അഭിമാനിക്കുന്നു. എന്നെ അതിലൊരു കഥാപാത്രത്തിന് ജീവന്‍ നല്‍കാനായി തിരഞ്ഞെടുത്തതില്‍ ഒത്തിരി സന്തോഷം. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും സിനിമാലോകത്തേക്ക് വഴിതെളിച്ച ജയേട്ടനോട് എപ്പോഴും നന്ദിയുള്ളവരായിരിക്കും', ശ്രുതി കുറിച്ചു.
2016ലാണ് ശ്രുതിയും ഫ്രാൻസിസും വിവാഹിതരായത്. 10 വർഷത്തെ പ്രണയം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു, ഏറ്റവും ഒടുവില്‍ ശ്രുതിയുടേതായി തിയേറ്ററുകളിലെത്തിയ ചിത്രം വിജയ് ദേവരകൊണ്ട- രശ്മിക ചിത്രമായ ഡിയർ കോമ്രേഡ് ആയിരുന്നു.