സിനിമ ചിത്രീകരണത്തിനിടെ വെടിയേറ്റ് ഛായാഗ്രഹയ്ക്ക് ദാരുണാന്ത്യം. നടന്‍റെ കൈയിലെ പ്രോപ് ഗണ്ണില്‍ (സിനിമ ചിത്രീകരണത്തിന് ഉപയോഗിക്കുന്നത്) നിന്നും വെടിയേറ്റാണ് ഛായാഗ്രഹക ഹൈലെന ഹുച്ചിന്‍സ് (42) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ജോയല്‍ സൂസയ്ക്ക് പരിക്കേറ്റു. യുഎസിലെ സാന്‍റാ ഫെയില്‍ റസ്റ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.
മുതിര്‍ന്ന നടന്‍ അലക് ബോള്‍ഡ് വിന്നിന്‍റെ പ്രോപ് ഗണ്ണില്‍ നിന്നും വെടി പൊട്ടുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ചിത്രത്തില്‍ അബദ്ധത്തില്‍ ഒരാളെ വെടിവെച്ച് കൊല്ലുന്ന 13കാരന്‍റെ അച്ഛന്‍ റസ്‌റ്റായാണ് ബോള്‍ഡ് വിന്‍ അഭിനയിക്കുന്നത്. വെടിയേറ്റ ഉടന്‍ തന്നെ ഹൈലെനയെ ന്യൂമക്‌സിക്കോ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടഞ്ഞു. സംവിധായകന്‍ ജോയല്‍ സൂസ ഗുരുതരാവസ്ഥയിലാണ്.
സിനിമ ചിത്രീകരണത്തിനിടെ ഇതാദ്യമായല്ല ഇത്തരം അപകടങ്ങള്‍ ഉണ്ടാകുന്നത്, ഇതിന് മുമ്പും സമാന അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
സാധാരണ ഗതിയില്‍ യഥാര്‍ഥ വെടിമരുന്ന് ഇല്ലാതെയാണ് പ്രോപ്പ് ഗണ്ണുകള്‍ സൂക്ഷിക്കുക. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ചിത്രീകരണങ്ങളില്‍ പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങള്‍ക്ക് വിപരീതമായി സെറ്റുകളില്‍ ഇതുപയോഗിക്കാറുണ്ട്. ഇപ്രകാരം ചെയ്യുന്നത് തീര്‍ത്തും നിയമവിരുദ്ധമാണ്.
സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ചിത്രീകരണത്തിന് ഏത് തരം തോക്കാണ് ഉപയോഗിച്ചിരുന്നതെന്നും സംഭവമുണ്ടായത് എങ്ങനെയാണെന്നും പരിശോധിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രഷ്യന്‍ സേനയിലാണ് ആദ്യമായി പ്രോപ് ഗണ്ണുകള്‍ ആദ്യമായി ഉപയോഗിക്കുന്നത്. കൂടുതലും പഠനപരമായ ആവശ്യങ്ങള്‍ക്കാണ് ഈ തോക്കുകള്‍ ഉപയോഗിക്കുക. കളിത്തോക്കായും ഇതിനെ ഉപയോഗിക്കാറുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ തോക്കുകള്‍ക്ക് സമാനമാണ് ഈ തോക്കുകളും. വെടി ഉതിര്‍ക്കുമ്പോള്‍ സാധാരണ തോക്കുകളിലേതു പോല ശബ്ദവും പുകയും ഉണ്ടാകുമെങ്കിലും അതില്‍ വെടിയുണ്ട കാണില്ല എന്നതാണ് ഇത്തരം തോക്കുകളുടെ പ്രത്യേകത. പുറമെയുള്ള ആകൃതിയിലും സാധാരണ തോക്കുകള്‍ക്ക് സമാനമാണ് പ്രോപ് ഗണ്ണുകള്‍. അപകട രഹിതമാണെങ്കിലും, പ്രോപ് ഗണ്ണുകള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് പറയാന്‍ കഴിയില്ല.
1984ലാണ് സമാനമായ സംഭവം ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അമേരിക്കന്‍ നടനും മോഡലുമായ ജോണ്‍ എറിക് ഹെക്‌സമാണ് ഇര. ചിത്രീകരണത്തിനായി നല്‍കിയ പ്രോപ് ഗണ്‍ തലയില്‍ വച്ച് വെറുതെ കാഞ്ചി വലിക്കുകയായിരുന്നു. തോക്കില്‍ ബുള്ളറ്റില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു അദ്ദേഹം അങ്ങനെ ചെയ്തത്. എന്നാല്‍, ബ്ലാങ്ക് കാറ്റ്‌റിഡ്ജില്‍ നിന്നുണ്ടായ മര്‍ദം തലയോട്ടിക്ക് ക്ഷതമേല്‍ക്കാൻ കാരണമായി. ദിവസങ്ങളോളം നീണ്ട ചികിത്സയ്‌ക്കൊടുവില്‍ ജോണ്‍ എറിക് ഹെക്‌സം മരണത്തിന് കീഴടങ്ങി.
1993ല്‍ ഇതിഹാസതാരം ബ്രൂസ് ലീയുടെ മകന്‍ ബ്രാന്‍ഡന്‍ ലീ സമാനമായ അപകടത്തിലാണ് മരിക്കുന്നത്. ഉപയോഗിച്ചിരുന്ന പ്രോപ് ഗണ്ണിലെ കാറ്റ്‌റിഡ്ജിലെ പ്രൈമറുകള്‍ നീക്കം ചെയ്യാന്‍ മറന്നുപോയതാണ് അപകടത്തിന് കാരണമായത്.