മലയാള സിനിമയില്‍ ഹാസ്യത്തിന് പുതിയ മുഖം കൊണ്ട് വന്ന നടൻ അടൂർ ഭാസി ഓർമ്മയായിട്ട് മൂന്ന് പതിറ്റാണ്ട്. വെറുമൊരു ഹാസ്യ നടൻ മാത്രമായിരുന്നില്ല അദ്ദേഹം, ഉൾക്കരുത്തുള്ള കഥാപാത്രങ്ങൾക്ക് ജീവൻ നല്‍കിയ അഭിനയ പ്രതിഭ കൂടിയായിരുന്നു.
മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടായ ഇ വി കൃഷ്ണപിള്ളയുടെയും മഹേശ്വരി അമ്മയുടെയും മക്കളില്‍ നാലാമനായി 1927 മാര്‍ച്ച് 1 നാണ് ഭാസ്കരൻ നായർ എന്ന അടൂര്‍ ഭാസി ജനിച്ചത്. മലയാള നോവല്‍ സാഹിത്യത്തിന്റെ അമരക്കാരില്‍ ഒരാളായ സി വി രാമന്‍പിള്ള അടൂർ ഭാസിയുടെ മുത്തശ്ശനായിരുന്നു. നാടകങ്ങളിലൂടെയാണ് ഭാസി തന്‍റെ അഭിനയ ജീവിതം ആരംഭിച്ചത്.
1953ല്‍ പുറത്തിറങ്ങിയ 'തിരമാല'യാണ് ആദ്യ ചിത്രം. 'മുടിയനായ പുത്രൻ' എന്ന ചിത്രത്തിലൂടെ ഭാസി മലയാള സിനിമയില്‍ ചുവടുറപ്പിച്ചു. പിന്നീട് 'ലങ്കാദഹനം', 'ചട്ടക്കാരി', 'സ്ഥാനാർത്ഥി സാറാമ്മ', 'അമ്മയെ കാണാൻ' തുടങ്ങി എഴുന്നൂറോളം ചിത്രങ്ങളിലൂടെ ഭാസി ബ്ലാക്ക് ആന്‍റ് വൈറ്റ് മലയാള സിനിമയുടെ നിറ സാനിധ്യമായി. 1974ല്‍ 'ചട്ടക്കാരി'ക്കും 1979ല്‍ 'ചെറിയച്ചാന്‍റെ ക്രൂരകൃത്യങ്ങൾ'ക്കും മികച്ച നടനുള്ള സംസ്ഥാന അവാർഡ് അദ്ദേഹം നേടി. ജോൺ എബ്രഹാമിന്‍റെ 'ചെറിയച്ചാന്‍റെ ക്രൂരകൃത്യങ്ങളി'ല്‍ നായക വേഷമായിരുന്നു ഭാസിക്ക്. അഭിനേതാവിന് പുറമെ എഴുത്തുകാരനായും പത്രപ്രവർത്തകനായും ഗായകനായും സംവിധായകനുമായെല്ലാം അദ്ദേഹം സിനിമാ ലോകത്ത് നിറഞ്ഞ് നിന്നു.
അനുകരിക്കാനാകാത്ത വിധത്തില്‍ വൈവിധ്യ പൂർണ്ണമായ ഭാവപ്രകടനങ്ങൾ നടത്താൻ അടൂർ ഭാസിക്ക് പ്രത്യേക കഴിവായിരുന്നു. സ്വാഭാവികമായ നർമം അഭിനയിച്ച് ഫലിപ്പിക്കുക എന്നുള്ളത് എല്ലാവർക്കും സാധിക്കുന്ന കാര്യമല്ല. അത്തരത്തില്‍ സ്വാഭാവിക നർമം അഭിനയിച്ച് കൈയ്യടി നേടിയ ചുരുക്കം പ്രതിഭകളില്‍ ഒരാളായിരുന്നു അടൂർ ഭാസി. രണ്ടര ദശാബ്ദങ്ങൾക്ക് മുൻപ് മലയാള സിനിമയില്‍ അദ്ദേഹം ഒഴിച്ചിട്ട് പോയ ഹാസ്യസാമ്രാട്ടിന്‍റെ സിംഹാസനം ഇന്നും ഒഴിഞ്ഞ് കിടക്കുകയാണ്.