സുഹൃത്തും അമ്മയും ചേര്‍ന്ന് മർദ്ദിച്ചുവെന്ന പരാതിയുമായി ഹിന്ദി സീരിയല്‍ നടി നളിനി നേഗി. ആക്രമണത്തില്‍ നടിക്ക് മുഖം മുഴുവന്‍ മുറിവേറ്റു. ഇതിന്‍റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങൾ പങ്കുവച്ചിട്ടുണ്ട്. സംഭവത്തില്‍ നളിനിക്കൊപ്പം മുറിയില്‍ താമസിക്കുന്ന പ്രീതി റാണക്കും അമ്മക്കുമെതിരെ പൊലീസ് കേസെടുത്തു. താമസം മാറുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രീതി, നളിനിയുടെ അടുത്തെത്തി താമസിക്കാനൊരിടമില്ലെന്നും തത്കാലം നില്‍ക്കാനിടം തരണമെന്നും ആവശ്യപ്പെട്ടു. നളിനി സമ്മതിച്ചതോടെ പ്രീതിക്ക് പിന്നാലെ അവരുടെ അമ്മയും കൂടെ താമസിക്കാനെത്തി. ഇതിനിടയില്‍ നളിനിയുടെ മാതാപിതാക്കള്‍ വീട്ടിലേക്ക് വരുന്നതായി അറിയിച്ചു. തുടര്‍ന്ന് പ്രീതിയോടും അമ്മയോടും അവിടെ നിന്ന് താമസം മാറാന്‍ നളിനി ആവശ്യപ്പെട്ടു. ഇതിന്‍റെ പേരില്‍ ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് പ്രീതിയും അമ്മയും ചേര്‍ന്ന് നളിനിയെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ആക്രമണത്തെ ചെറുക്കാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നെന്ന് നളിനി പറയുന്നു.