Divya Unni's father passed away : നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ അച്ഛന്‍ പൊന്നോത്ത് മഠത്തില്‍ ഉണ്ണികൃഷ്‌ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വ്യാഴാഴ്‌ച രാവിലെയോടെ മരണത്തിന് കീഴടങ്ങി.
ഗുരുവിന്‍റെ വിയോഗത്തിന് തൊട്ടുപിന്നാലെയാണ് ദിവ്യാ ഉണ്ണിക്ക് പിതാവിനെയും നഷ്‌ടമായത്. കഴിഞ്ഞ ദിവസമാണ് നടിയുടെ ഗുരു കലാമണ്ഡലം ഗോപിനാഥന്‍ അന്തരിച്ചത്.
'പ്രിയപ്പെട്ട ഗോപി മാഷിന്‍റെ (കലാമണ്ഡലം ഗോപിനാഥ്) വിയോഗത്തില്‍ അതിയായ ദുഖം രേഖപ്പെടുത്തുന്നു. നൃത്തത്തിന്‍റെ ലോകത്തേയ്‌ക്ക് ഞാന്‍ പിച്ചവച്ചത് അദ്ദേഹത്തിന്‍റെ കൈകള്‍ പിടിച്ചായിരുന്നു. തന്‍റെ ഓരോ വിദ്യാര്‍ഥികളിലേക്കും അദ്ദേഹം പകര്‍ന്ന അധ്യാപനങ്ങളും കാഴ്‌ചപ്പാടുകളും കലയോടുള്ള അര്‍പ്പണബോധവും എന്നെന്നും നിലനില്‍ക്കും' - ദിവ്യ ഉണ്ണി കുറിച്ചു.
പൊന്നോടത്ത് അമ്പലം ട്രസ്‌റ്റി ആയിരുന്നു ദിവ്യ ഉണ്ണിയുടെ പിതാവ്. തന്‍റെ ജീവിതത്തില്‍ അച്ഛന്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് പല അഭിമുഖങ്ങളിലും ദിവ്യ ഉണ്ണി വെളിപ്പെടുത്തിയിട്ടുണ്ട്. സ്വപ്‌നങ്ങളെ പിന്തുടരാന്‍ തന്നെ പഠിപ്പിച്ചയാള്‍ എന്നാണ് ദിവ്യ ഉണ്ണി അച്ഛനെ വിശേഷിപ്പിച്ചിരിക്കുന്നത്.