നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാർഡ് കേസിന്‍റെ ഭാഗമായ രേഖയാണോ തൊണ്ടിമുതലാണോ എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് സുപ്രീംകോടതി. മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ പകർപ്പ് തനിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് കുറ്റാരോപിതനായ ദിലീപ് നല്‍കിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഇക്കാര്യത്തില്‍ വെള്ളിയാഴ്ച മറുപടി അറിയിക്കാമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
മെമ്മറി കാർഡ് കേസിന്‍റെ ഭാഗമായ രേഖയാണെങ്കില്‍ ദിലീപിന് പകർപ്പ് കൈമാറണോ എന്ന കാര്യത്തില്‍ വിചാരണകോടതിക്ക് തീരുമാനമെടുക്കാമെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഇതിനായുള്ള മാനദണ്ഡങ്ങൾ ജില്ലാ ജഡ്ജിക്ക് തീരുമാനിക്കാം. അതേസമയം, തൊണ്ടിമുതലാണെങ്കില്‍ ദൃശൃങ്ങൾ വിചാരണയ്ക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എഎം ഖാൻവില്‍ക്കർ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.
മെമ്മറി കാർഡ് കേസിന്‍റെ രേഖയാണെന്ന് ചൂണ്ടികാണിച്ചാണ് ദിലീപ് സുപ്രീംകോടതിയില്‍ ഹർജി സമർപ്പിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.