1983, ആക്ഷന്‍ ഹീറോ ബിജു, പൂമരം ഹിറ്റുകളുടെ സംവിധായകൻ ഒരിടവേളക്ക് ശേഷം വീണ്ടും തിരിച്ചെത്തുന്നു. 'ദി കുങ്ഫു മാസ്റ്റര്‍' എന്നാണ് എബ്രിഡ് ഷൈനിന്‍റെ പുതിയ ചിത്രത്തിന്‍റെ പേര്. ഹിമാലയന്‍ താഴ്വരകളിൽ ചിത്രീകരിക്കുന്ന സിനിമയുടെ നായകന്‍ ഒരു പുതുമുഖമാണ്. ജിജി സ്‌കറിയ നായകനായെത്തുന്ന ചിത്രത്തിൽ പൂമരത്തിലൂടെ ശ്രദ്ധേയയായ നീത പിള്ളയാണ് നായിക.
1983ലൂടെ തന്‍റെ സ്വന്തം അനുഭവങ്ങളാണ് എബ്രിഡ് ഷൈൻ പ്രേക്ഷകർക്ക് നൽകിയതെങ്കിൽ ആക്ഷന്‍ ഹീറോ ബിജുവും പൂമരവും താൻ കണ്ട കാഴ്‌ചകളാണ് പകർത്തിയത്. സംവിധായകൻ ബാല്യത്തിൽ കണ്ട ജാക്കിച്ചാന്‍, ജെറ്റ്ലി, ബ്രൂസ്ലി സിനിമകളില്‍ നിന്നുള്ള പ്രചോദനമാണ് പുതിയ ചിത്രത്തിലുള്ളത്. അതിനാൽ തന്നെ ഒട്ടും ഡാര്‍ക്ക് അല്ലാത്ത കാഴ്‌ചകളിലൂടെ കുങ്ഫു മാസ്റ്ററിനെ ആസ്വദിക്കാന്‍ പറ്റുമെന്ന് എബ്രിഡ് ഷൈന്‍ പറയുന്നു.
ഫുള്‍ ഓണ്‍ ഫ്രെയിംസിന്‍റെ ബാനറില്‍ ഷിബു തെക്കുംപുറം നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ മേജര്‍ രവിയുടെ മകന്‍ അര്‍ജുനാണ്. ജനുവരിയിൽ ചിത്രം പ്രദർശനത്തിനെത്തും.