ഹൈദരാബാദ്: അവസരങ്ങൾക്കായി പലപ്പോഴും ലൈംഗിക ചൂഷണം നേരിടേണ്ടി വരുന്നതും വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുന്നതുമായ അനുഭവങ്ങൾ നിരവധി സിനിമാതാരങ്ങൾ തുറന്നുപറഞ്ഞിട്ടുണ്ട്. കരിയറിന്‍റെ തുടക്കത്തിൽ കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നുവെന്ന് ആയുഷ്മാൻ ഖുറാന, കങ്കണ റണൗട്ട്, സ്വര ഭാസ്‌കർ, കൽക്കി കോക്‌ളിൻ തുടങ്ങിയ ബോളിവുഡ് താരങ്ങളും വെളിപ്പെടുത്തിയതാണ്.
തന്‍റെ സിനിമാ- സീരിയൽ കരിയറിൽ രണ്ടു തവണ കാസ്റ്റിങ് കൗച്ച് അനുഭവമുണ്ടായിട്ടുണ്ടെന്ന് നടി അങ്കിത ലോഖണ്ഡെയും തുറന്നു പറയുന്നു. സീരിയൽ താരമായി പ്രശസ്തയാകുന്നതിന് മുമ്പും മിനിസ്‌ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിലേക്ക് വരുമ്പോഴും കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നു.
തന്‍റെ 19-ാം വയസിൽ സിനിമയിലേക്ക് ആദ്യമായി അവസരം ലഭിച്ചപ്പോൾ വിട്ടുവീഴ്ച ചെയ്യാൻ അവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അന്ന് താൻ തനിച്ചായിരുന്നിട്ടും ആ സാഹചര്യത്തെ ധൈര്യമായി നേരിട്ടുവെന്ന് നടി വിശദീകരിച്ചു. ചിത്രത്തിന്‍റെ നിർമാതാവിന് ഏത് തരത്തിലുള്ള വിട്ടുവീഴ്ചയാണ് വേണ്ടതെന്ന് ചോദിച്ചു. നിങ്ങളുടെ നിർമാതാവ് ഒരു പെൺകുട്ടിയോടൊപ്പം ഉറങ്ങാനാണ് ആഗ്രഹിക്കുന്നത്. നല്ല കഴിവുള്ള ഒരു പെൺകുട്ടിയെ അല്ല ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞ് സിനിമ ഉപേക്ഷിച്ചുവെന്ന് അങ്കിത ഒരു വാർത്താമാധ്യമത്തിനോട് വെളിപ്പെടുത്തി. ചിത്രത്തിന്‍റെ നിർമാതാവ് തനിക്ക് പിന്നീട് അവസരം നൽകാമെന്ന് പറഞ്ഞെങ്കിലും താനത് സ്വീകരിച്ചില്ലെന്നും പവിത്ര രിശ്ത ഫെയിം കൂട്ടിച്ചേർത്തു.
സീരിയലുകളിൽ സജീവമായ ശേഷം ബിഗ് സ്‌ക്രീനിലേക്ക് ഭാഗ്യം പരീക്ഷിക്കുമ്പോൾ താൻ വീണ്ടും ചൂഷണ തന്ത്രങ്ങൾ നേരിട്ടതായി അങ്കിത പറഞ്ഞു. രണ്ടാമത്തെ തവണ മോശം അനുഭവം നേരിട്ടത് ഒരു വലിയ നടനിൽ നിന്നുമാണെന്നും അദ്ദേഹവുമായി ഒരുമിച്ച് പ്രവർത്തിക്കുകയെന്നത് ഉചിതമല്ലെന്ന് ബോധ്യമായതിനാൽ സിനിമയിൽ നിന്ന് പിന്മാറിയെന്നും അങ്കിത ലോഖണ്ഡെ വെളിപ്പെടുത്തി.