മുംബൈ: ലോകം കൊവിഡ് ഭീതിയിലാണ്. അതേസമയം, വൈറസ് പിടിപ്പെട്ടാൽ അതിവേഗം രോഗത്തിന് കീഴടങ്ങി വരുന്ന ഒരു കൂട്ടരുണ്ട്. നിർധനരായ കുടുംബങ്ങളിൽ നിന്നുള്ള അർബുദ രോഗമുള്ള ബാല്യങ്ങൾ. കൊവിഡിനെ ഒന്നു ചെറുത്തുനിൽക്കാൻ പോലും സാധിക്കാത്ത കുഞ്ഞുകുട്ടികളെ രക്ഷിക്കേണ്ട കടമയെ കുറിച്ചും അവർക്ക് തങ്ങളാൽ കഴിയുന്ന ധനസഹായം നൽകണമെന്നും അറിയിക്കുകയാണ് ബോളിവുഡ് താരം വിവേക് ഒബ്‌റോയ്.
- " class="align-text-top noRightClick twitterSection" data="
">
ലൂസിഫറിലെ പ്രതിനായക വേഷത്തിലൂടെ മലയാളികളുടെയും പ്രിയപ്പെട്ട താരമായ വിവേക് ഒബ്‌റോയ് പറയുന്നത് കഴിഞ്ഞ 18 വർഷങ്ങളായി താൻ കാൻസർ പേഷ്യന്‍റ് എയ്‌ഡ് അസോസിയേഷൻ (സിപിഎഎ) ഇന്ത്യയിലൂടെ അർബുദ രോഗികൾക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്നും മറ്റെല്ലാ സമയത്തേക്കാൾ ഇപ്പോഴാണ് അവർക്ക് നമ്മുടെ കരുതൽ ആവശ്യമുള്ളതെന്നുമാണ്.
മഹാമാരിക്കെതിരെ പ്രതിരോധശേഷിയില്ലാത്തവരാണ് അർബുദ രോഗികൾ. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്കാണെങ്കിൽ കൊവിഡ് ചികിത്സക്കോ രോഗം പിടിപെട്ടാൽ പ്രതിവിധി കണ്ടെത്താനുള്ള മാർഗമോ ഇല്ല. അതിനാൽ അവർ വളരെ പെട്ടെന്ന് തന്നെ കൊവിഡിന് ഇരകളാകുകയാണെന്നും അദ്ദേഹം പറയുന്നു. താനും സിപിഎഎയുമായി ചേർന്ന് ഫണ്ട് സമാഹരിക്കുന്നതിനുള്ള പ്രയത്‌നങ്ങളിലാണെന്നും ഈ സംരഭത്തിൽ എല്ലാവരും സംഭാവന ചെയ്യണമെന്ന് ഹൃദയം തുറന്ന് അപേക്ഷിക്കുന്നതായും ഇൻസ്റ്റഗ്രാമിൽ പങ്കിട്ട വീഡിയോയിലൂടെ താരം വിശദീകരിച്ചു. നിലവിൽ ഇത്തരത്തിലുള്ള 1200 കുടുംബങ്ങൾക്ക് ഭക്ഷണവും മറ്റ് സുരക്ഷാ ഉപകരണങ്ങളും സിപിഎഎ വിതരണം ചെയ്യുന്നതായും ഇത് കൂടുതൽ പേരിലേക്കെത്താൻ ഒപ്പം നിന്ന് ധനസഹായങ്ങൾ നൽകാനും വിവേക് ഒബ്‌റോയ് അഭ്യർഥിച്ചു.