പനജി: അമ്പത്തിയൊന്നാം ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ഉദ്‌ഘാടനചിത്രമായി 'അനതര്‍ റൗണ്ടി'നെ പ്രഖ്യാപിച്ചു. ഈ മാസം 16ന് ആരംഭിച്ച് ജാപ്പനീസ് ചിത്രം 'വൈഫ് ഓഫ് എ സ്‌പൈ'യുടെ പ്രദർശനത്തോടെ 24ന് ചലച്ചിത്രോത്സവത്തിന്‍റെ തിരശ്ശീല വീഴും.
ഡാനിഷ് സംവിധായകൻ തോമസ് വിന്‍റര്‍ബര്‍ഗിന്‍റെ 'അനതര്‍ റൗണ്ട്' ആണ് ഇത്തവണത്തെ ചലച്ചിത്രമേളയിൽ ആദ്യം പ്രദർശിപ്പിക്കുന്ന സിനിമ. 2020ലെ ഡെൻമാർക്കിന്‍റെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ട അനതര്‍ റൗണ്ട് ചിത്രത്തിൽ മികച്ച നടനുള്ള കാൻസ് ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ മാഡ്‌സ് മിക്കൽസൺ ആണ് നായകൻ. 2020ൽ ടൊറന്‍റോ ഫിലിം ഫെസ്റ്റിവലിലും സാൻ സെബാസ്റ്റ്യൻ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലുമുൾപ്പെടെ ചിത്രം പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്.
വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ കിയോഷി കുറോസാവക്ക് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിക്കൊടുത്ത വൈഫ് ഓഫ് എ സ്‌പൈയാണ് സമാപനചിത്രമായി തെരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിൽ ടെലിവിഷനിലൂടെ ജപ്പാനിൽ റിലീസ് ചെയ്‌ത ചിത്രമായിരുന്നു ഇത്.
എല്ലാ വർഷവും നവംബർ 22- 28 തിയതികളിൽ സംഘടിപ്പിച്ചു വരുന്ന ഗോവ രാജ്യാന്തര ചലച്ചിത്രമേള കൊവിഡ് പശ്ചാത്തലത്തിലാണ് ഈ മാസം 16 മുതൽ 24 വരെയുള്ള തിയതിയിലേക്ക് മാറ്റി വച്ചത്. മഹാമാരിയുടെ പശ്ചാത്തലത്തിൽ, വെർച്വലായും ഭൗതികമായും ഹൈബ്രിഡ് രീതിയിലായിരിക്കും ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. 224 ചിത്രങ്ങളായിരിക്കും ഗോവ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്നത്. ഇതിൽ ട്രാന്‍സ്, കപ്പേള, കെട്ട്യോളാണ് എന്‍റെ മാലാഖ, സെയ്‌ഫ്, താഹിറ എന്നീ അഞ്ച് മലയാള ചിത്രങ്ങളും ഉൾപ്പെടുന്നു.