ബോളിവുഡിലെ സ്വജനപക്ഷപാതവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ പുതിയ വെളിപ്പെടുത്തലുമായി സംഗീത സംവിധായകൻ എ.ആർ റഹ്‌മാൻ. കുറച്ചു കാലങ്ങളായി ബോളിവുഡ് ചിത്രങ്ങളുടെ എണ്ണം കുറയാൻ കാരണം തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്ന ഒരു സംഘം ബോളിവുഡിൽ ഉള്ളതിനാലാണെന്ന് ഓസ്‌കർ പുരസ്കാര ജേതാവായ സംഗീതജ്ഞൻ വിശദമാക്കി. തന്നെപ്പറ്റി ചില തെറ്റിദ്ധാരണകൾ ഹിന്ദി സിനിമാരംഗത്തുണ്ടെന്നും അതുവഴി തെറ്റായ അഭ്യൂഹങ്ങളും പ്രചാരണങ്ങളും നടക്കുന്നതായും എ.ആർ റഹ്‌മാന്‍ വ്യക്തമാക്കി. ദിൽ ബെചാരെയുടെ സംവിധായകൻ മുകേഷ് ചബ്രയിലൂടെയാണ് ഇക്കാര്യം താൻ മനസിലാക്കിയതെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ദില്‍ ബെചാരെയുടെ സംഗീത സംവിധാനം നിര്‍വഹിച്ചത് എ.ആര്‍ റഹ്‌മാനാണ്.
“ഞാൻ നല്ല സിനിമകളെ നിരസിച്ചിട്ടില്ല. എന്നാൽ, അവിടെ ഒരു സംഘമുണ്ടെന്ന് ഞാൻ കരുതുന്നു. തെറ്റിദ്ധാരണകൾ കാരണം ചില പ്രചാരണങ്ങൾ വ്യാപിക്കുന്നുണ്ട്. മുകേഷ് ചബ്ര എന്‍റെ അടുത്തെത്തിയപ്പോൾ, ഞാൻ അദ്ദേഹത്തിന് രണ്ട് ദിവസത്തിനുള്ളിൽ നാല് ഗാനങ്ങൾ പൂർത്തികരിച്ചു നൽകി. നിങ്ങളുടെ (എ.ആർ റഹ്മാൻ) പക്കൽ വരരുതെന്ന് ചില ആളുകൾ പറഞ്ഞു. അതിന് കുറേ കഥകളും അവർ പറഞ്ഞിരുന്നുവെന്ന് മുകേഷ് ചബ്ര അറിയിച്ചു.” അപ്പോഴാണ് തനിക്ക് ബോളിവുഡിൽ സിനിമകൾ കുറയാനുള്ള കാരണം മനസിലായതെന്നും റഹ്‌മാൻ കൂട്ടിച്ചേർത്തു. സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തെ തുടർന്ന് ബോളിവുഡിലെ കുടുംബാധിപത്യത്തിനെതിരെ വലിയ രീതിയിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. സൽമാൻ ഖാൻ എ.ആറിനെ ഒരു വേദിയിൽ വച്ച് അപമാനിക്കുന്ന തരത്തിൽ പെരുമാറിയ വീഡിയോയും സമൂഹമാധ്യമങ്ങളിൽ ഇക്കാലത്ത് പ്രചരിച്ചിട്ടുണ്ട്.