കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തലൈവി സിനിമയുടെ ടീസറിന് നേരെ വലിയ പരിഹാസമായിരുന്നു ട്രോളുകളിലൂടെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്. മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി തയാറാക്കുന്ന ചിത്രമായ തലൈവിയില്‍ നായികയായെത്തിയ ബോളിവുഡ് നടി കങ്കണയുടെ പ്രോസ്തെറ്റിക് മേക്ക്അപ്പ് ജയലളിത കഥാപാത്രത്തെ കൃത്രിമമായി ചിത്രീകരിക്കുന്നതുപോലെ തോന്നിച്ചിരുന്നു. ഇതോടെ, ബൊമ്മയെന്നും അരക്കിലോ മേക്ക്അപ്പെന്നും തരത്തിലുള്ള ട്രോളുകള്‍ വരാന്‍ തുടങ്ങി. സമൂഹമാധ്യമങ്ങളിലെ ട്രോളുകളോട് പ്രതികരിച്ചിരിക്കുകയാണ് കങ്കണ.
തലൈവി ആകാനായി വളരെ കഷ്ടപ്പെട്ടാണ് ഭാരം കൂട്ടിയതെന്നാണ് കങ്കണ പറയുന്നത്. മെലിഞ്ഞിരിക്കുന്ന ശരീരപ്രകൃതി മാറ്റി വയറും തുടകളും തടിപ്പിക്കാനായി ഡോസ് കുറഞ്ഞ ഹോര്‍മോണ്‍ ഗുളികകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും അങ്ങനെ ആറ് കിലോ ഭാരം കൂട്ടിയതെന്നും കങ്കണ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഭാരം കൂട്ടാനായി കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതായും കങ്കണ പറഞ്ഞു. സംവിധായാകന്‍ എ.എല്‍ വിജയ് ചെയ്യുന്ന ചിത്രം തമിഴ്, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ എം.ജി.ആറായി എത്തുന്നത് അരവിന്ദ് സ്വാമിയാണ്. ബാഹുബലിയുടെ തിരക്കഥാകൃത്ത് കെ.വി വിജയേന്ദ്രപ്രസാദും രജത് അറോറയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. അടുത്തവര്‍ഷം ജൂണില്‍ ചിത്ര പ്രദര്‍ശനത്തിനെത്തും.