കൈ നിറയെ സിനിമകളുമായി തിരക്കിലാണ് ബോളിവുഡ് സുന്ദരി താപ്‌സി പന്നു. അടുത്തിടെയാണ് താപ്‌സി അത്‌ലറ്റിന്‍റെ വേഷത്തിലെത്തുന്ന രശ്മി റോക്കറ്റിന്‍റെ ചിത്രീകരണം അവസാനിച്ചത്. ഇപ്പോള്‍ പുതിയ ബയോപിക് ചെയ്യാനൊരുങ്ങുന്നതിന്‍റെ തയ്യാറെടുപ്പുകള്‍ താപ്‌സി ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യന്‍ വനിത ക്രിക്കറ്റര്‍ മിതാലി രാജിന്‍റെ ബയോപിക്കായ സബാഷ് മിത്തുവില്‍ മിതാലി രാജായിട്ടാണ് താപ്‌സി എത്തുന്നത്. ഇതിനായി ക്രിക്കറ്റ് പരിശീലനവും താരം ആരംഭിച്ചു. രാഹുൽ ധോലാകിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രിക്കറ്റ് പരിശീലനത്തിന്‍റെ ഫോട്ടോ താപ്‌സി തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്.
'ബാറ്റും ബോളും തമ്മിലുള്ള പ്രണയം ഇവിടെ ആരംഭിച്ചിരിക്കുന്നു... ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ഇതൊരു നല്ല തുടക്കമാണ്... ഇത് ജീവിതത്തിലെ ഒരു നാഴികകല്ലായി മാറും...' ഫോട്ടോ പങ്കുവെച്ച് താപ്‌സി കുറിച്ചു. സബാഷ് മിത്തു വിയാകോ 18 സ്റ്റുഡിയോസാണ് നിര്‍മിക്കുന്നത്.
രശ്മി റോക്കറ്റിലെ കഥാപാത്രത്തിനായി കഠിന പ്രയത്നമാണ് താപ്‌സി നടത്തിയത്. ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം നടി സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ടായിരുന്നു. ഗുജറാത്തിലാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് നടന്നത്. കാര്‍വാന്‍ ഫെയിം ആകർഷ് ഖുറാനയാണ് രശ്മി റോക്കറ്റ് സംവിധാനം ചെയ്‌തത്. ചിത്രത്തിൽ പ്രിയാൻഷു പൈൻയുള്ളിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. താപ്‌സിയുടെ ഭർത്താവിന്‍റെ വേഷമാണ് പ്രിയാൻഷു അവതരിപ്പിക്കുന്നത്. റോണി സ്ക്രൂവാലയാണ് രശ്മി റോക്കറ്റ് നിര്‍മിച്ചിരിക്കുന്നത്. നന്ദ പെരിയസാമി, അനിരുദ്ധ ഗുഹ, കനിക ദില്ലോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനുഭവ് സിൻഹ സംവിധാനം ചെയ്‌ത ഥപ്പടാണ് താപ്‌സിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.