മുംബൈ: സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് താരത്തിന്‍റെ സഹോദരി മിതു സിംഗിനെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് വിളിച്ചു വരുത്തി. ഇന്ന് ഉച്ചക്കാണ് സഹോദരി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഓഫീസിൽ ഹാജരായത്. നടന്‍റെ മുൻ മാനേജറായിരുന്ന ശ്രുതി മോദി, സുഹൃത്ത് സിദ്ധാർത്ഥ് പിതാനി എന്നിവരെയും അന്വേഷണത്തിന്‍റെ ഭാഗമായി വിളിച്ചിട്ടുണ്ട്. അന്തരിച്ച നടന്‍റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് സുഹൃത്തിനും മുൻ മാനേജറിനുമൊപ്പം മിതു സിംഗിനെയും അന്വേഷണ സംഘം വിളിച്ചു വരുത്തിയത്.
രാവിലെ 9.30ഓടെ ശ്രുതി മോദിയും ഓഫീസിൽ എത്തിച്ചേർന്നു. സിദ്ധാർത്ഥ് പിതാനിയെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനാണ് എൻഫോഴ്‌സ്‌മെന്‍റ് ഓഫീസിൽ ഹാജരാകാൻ അറിയിച്ചത്. സുശാന്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഫ്ലാറ്റിലുണ്ടായിരുന്ന ഐടി പ്രൊഫഷണലായ പിതാനിയെ കഴിഞ്ഞ തിങ്കളാഴ്ച അഞ്ച് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. താരത്തിൽ നിന്നും ഇയാൾ പണം കടമായോ മറ്റോ കൈപറ്റിയിരുന്നോ എന്ന് പരിശോധിക്കാനാണ് മൊഴിയെടുക്കുന്നത്. കൂടാതെ, സുശാന്തിനും റിയാ ചക്രബർത്തിക്കും നടിയുടെ സഹോദരൻ ഷോയിക് ചക്രബര്‍ത്തിക്കും പങ്കാളിത്തമുണ്ടായിരുന്ന കമ്പനികളിൽ താരത്തിന്‍റെ നിക്ഷേപത്തെ സംബന്ധിച്ചും സിദ്ധാർത്ഥ് പിതാനിയോട് എൻഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥർ ചോദിച്ചിരുന്നു.