സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ അപ്രതീക്ഷിത വിടവാങ്ങലിൽ അനുശോചനം അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങൾ നിറയെ. എന്നാൽ, താരം മുമ്പൊരിക്കൽ പങ്കുവെച്ച 50 ആഗ്രഹങ്ങളുടെ ഒരു പോസ്റ്റും കഴിഞ്ഞ ദിവസം മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തന്‍റെ കൈപ്പടയിൽ എഴുതിയ ആഗ്രഹങ്ങളിൽ സ്‌ത്രീകളെ സ്വയം പ്രതിരോധം പഠിപ്പിക്കുക, ഒരു ലംബോർഗിനി സ്വന്തമാക്കുക എന്നിവയും ഉൾപ്പെടുന്നു. വിമാനം പറത്താൻ പഠിക്കുക, ഇടത് കൈ കൊണ്ട് ക്രിക്കറ്റ് കളിക്കുക, യൂറോപ്പിൽ ട്രെയിനിൽ യാത്ര ചെയ്യുക, ഐഎസ്ആർഒ/ നാസയിലെ വർക്ക് ഷോപ്പുകളിലേക്ക് 100 കുട്ടികളെ അയയ്ക്കുക, 10 നൃത്തരൂപങ്ങൾ എങ്കിലും പഠിക്കുക, കുട്ടികളെ ഡാൻസ് പഠിപ്പിക്കുക എന്നിങ്ങനെയുള്ള അഭിലാഷങ്ങൾ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ബോളിവുഡ് താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ഇത്രയും മനോഹരമായ ആഗ്രഹങ്ങൾ ഉള്ള ഒരു മനുഷ്യൻ എങ്ങനെ ആത്‌മഹത്യ ചെയ്‌തുവെന്നാണ് പലരുടെയും സംശയം. മുംബൈ ബാന്ദ്രയിലെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് താരത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പോസ്റ്റ്മാർട്ടത്തിന് ശേഷം സുശാന്തിന്‍റെ സംസ്‌കാര ചടങ്ങുകൾ മുംബൈയിൽ നടത്തും.