പാലക്കാട്: രാഹുൽ മാങ്കൂട്ടത്തില്‍ ഉൾപ്പെടെയുള്ള നേതാക്കളെ കുറുവ സംഘത്തെ ചോദ്യം ചെയ്യുന്നത് പോലെ ചോദ്യം ചെയ്‌താൽ നീല ട്രോളി ബാഗിൽ പണം കടത്തിയ വിവരം പുറത്തുവരുമെന്ന് സിപിഎം ജില്ല സെക്രട്ടറി ഇഎൻ സുരേഷ് ബാബു. ഉപതെരഞ്ഞെടുപ്പ് സമയത്തെ നീല ട്രോളി വിവാദം കൈകാര്യം ചെയ്യുന്നതിൽ സിപിഎമ്മിന് വീഴ്‌ച പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ബാബു.
നീല ട്രോളി ബാഗിൽ ഹോട്ടലിലേക്ക് കൊണ്ടുവന്നത് പണം തന്നെയാണ്. ആ പണം വാരിയെറിഞ്ഞ് ആർഎസ്എസിൻ്റെയും എസ്‌ഡിപിഐയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും വോട്ട് വാങ്ങിച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ വലിയ ഭൂരിപക്ഷത്തിന് ജയിച്ചത്. പണം കൊണ്ടുവന്നപ്പോൾ രാഹുൽ മാങ്കൂട്ടത്തിന് പുറമേ ഷാഫി പറമ്പിൽ, വികെ ശ്രീകണ്‌ഠൻ, ജ്യോതികുമാർ ചാമക്കാല എന്നീ കോൺഗ്രസ് നേതാക്കളും സ്ഥലത്തുണ്ടായിരുന്നു. കുറുവ സംഘത്തെ ചോദ്യം ചെയ്‌തത് പോലെ ആ നേതാക്കളെ ചോദ്യം ചെയ്‌താൽ സത്യം പുറത്തുവരും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പക്ഷേ പൊലീസിന് പരിമിതികൾ ഉണ്ട്. ട്രോളി ബാഗിൽ പണം കൊണ്ടുവരുന്നതിൻ്റെ സൂചന ലഭിച്ച് പൊലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് പണം അവിടെ നിന്ന് മാറ്റാൻ കൊണ്ടുവന്നവർക്ക് സമയം ലഭിച്ചു. പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ ഇടതു മുന്നണിക്ക് വീഴ്‌ച സംഭവിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം കാര്യങ്ങൾ ഉണ്ടാകുമ്പോൾ സ്വാഭാവികമായി പ്രതികരിച്ചു എന്നേയുള്ളൂ. പ്രശ്‌നം ഇനി എങ്ങനെ കൈകാര്യം ചെയ്യണം എന്നത് ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്നും ഇഎൻ സുരേഷ് ബാബു പറഞ്ഞു.
Also Read: പാലക്കാട്ടെ നീല ട്രോളി വിവാദം; പണമെത്തിച്ചതിന് തെളിവ് കണ്ടെത്താനായില്ലെന്ന് പൊലീസ്